'സഖി' വൺ സ്‌റ്റോപ്പ് സെന്റർ 24 മണിക്കൂർ സജ്ജം .ജില്ലയിൽ ഈ വർഷം ലഭിച്ചത് 40 പരാതികൾ

Thursday 15 July 2021 12:26 AM IST

പാലക്കാട്: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും ഇരയാകുന്നവർക്ക് ആവശ്യമായ സഹായങ്ങളുമായി സഖി- വൺ സ്റ്റോപ്പ് സെന്ററിന്റെ പ്രവർത്തനം ജില്ലയിൽ 24 മണിക്കൂറും സജ്ജം. ജില്ലാ വനിതാ ശിശു ആശുപത്രിയുടെ നാലാം നിലയിൽ പ്രവർത്തിക്കുന്ന സെന്ററിന്റെ പ്രവർത്തനം 2019ലാണ് ആരംഭിച്ചത്. അന്നു മുതൽ ഇതുവരെ 180 പരാതികളാണ് സഖിയിലേക്ക് എത്തിയത്. ഈ വർഷം മാത്രം 40 പരാതികൾ ലഭിച്ചു. കേന്ദ്ര സർക്കാരിന്റെ നിർഭയ പദ്ധതിയുടെ ഭാഗമായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലാണ് സെന്ററിന്റെ പ്രവർത്തനം.

പൊതുസ്ഥലങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, കുടുംബം, സമുദായം, ജോലി സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ പ്രവർത്തിക്കുക, സമ്പൂർണ സുരക്ഷ ഉറപ്പുവരുത്തുക എന്നിവയാണ് സഖിയുടെ പ്രവർത്തനങ്ങൾ. ഏതെങ്കിലും തരത്തിലുള്ള മാനസിക, ശാരീരിക, ലൈംഗിക, സാമ്പത്തിക ചൂഷണങ്ങളോ മറ്റ് പ്രശ്നങ്ങളോ നേരിടുന്ന സ്ത്രീകൾക്ക് ഏതു സമയത്തും സഹായം തേടാം.

നേരിട്ടോ, പൊതുപ്രവർത്തകർ, ബന്ധുക്കൾ, പൊലീസ്, മറ്റ് സന്നദ്ധ സംഘടനകൾ, സംഭവത്തെക്കുറിച്ച് നേരിട്ട് അറിയാവുന്ന വ്യക്തി തുടങ്ങിയ ആർക്കും പരാതി രജിസ്റ്റർ ചെയ്യാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന സെന്ററിൽ ആവശ്യമുള്ളവർക്ക് താത്കാലിക താമസ സൗകര്യവും സജ്ജമാണ്. സെന്റർ അഡ്മിനിസ്‌ട്രേറ്റർ, കേസ് വർക്കർമാർ, കൗൺസിലർ, ലീഗൽ അഡൈ്വസർ തുടങ്ങി ഒമ്പത് വനിതാ ജീവനക്കാരാണ് സെന്ററിൽ ഉണ്ടാവുക. അതിക്രമങ്ങൾക്ക് ഇരയാവുന്ന എട്ട് വയസിൽ താഴെയുള്ള ആൺകുട്ടികൾക്കും സേവനങ്ങൾ സഖി വഴി ലഭ്യമാകും.

  • പരാതി നൽകാൻ
  1. .സഖി വൺ സ്റ്റോപ്പ് സെന്റർ: 8547202181
  2. .ടോൾ ഫ്രീ: 181
  3. .വനിതാ ഹെൽപ്പ് ലൈൻ: 0491- 2504650
  4. .ഇ-മെയിൽ: sakhipkdosc@gmail.com

  • -സേവനങ്ങൾ
  1. .പ്രശ്നത്തിൽ അടിയന്തര ഇടപെടലും സഹായവും.
  2. .നിയമസഹായം.
  3. .കൗൺസലിംഗ്.
  4. .വീഡിയോ കോൺഫറൻസ്.
  5. .വൈദ്യസഹായം.
  6. .എഫ്.ഐ.ആർ ഫയൽ ചെയ്യാൻ പൊലീസ് സേവനം.
  7. .താത്കാലിക സുരക്ഷിത അഭയം.

സെന്റർ പ്രവർത്തനം നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നത്. താത്കാലിക താമസ സൗകര്യം അഞ്ച് ദിവസമാണ്. അതിനുള്ളിൽ സ്വന്തം വീടുകളിൽ സുരക്ഷ ഉറപ്പാക്കിയവരെ വീടുകളിലേക്കും അല്ലാത്തവരെ മുട്ടികുളങ്ങരയിലുള്ള മഹിളാമന്ദിരത്തിലേക്കും മാറ്രും. അഭയം തേടുന്ന സ്ത്രീകൾക്ക് മക്കളുണ്ടെങ്കിൽ അവരെയും ഒപ്പം കൂട്ടാം. പക്ഷേ ആൺകുട്ടികൾക്ക് എട്ടു വയസുവരെയാണ് പ്രായപരിധി. പെൺകുട്ടികൾക്ക് പ്രായപരിധിയില്ല. ഇതുവരെ 31 പേർക്ക് താമസവും ഒരുക്കിയിട്ടുണ്ട്.

- വി.എസ്. ലൈജു, ജില്ലാ വനിതാ സംരക്ഷണ ഓഫീസർ, പാലക്കാട്.

Advertisement
Advertisement