ജി.എസ്.ടി തട്ടിപ്പ് ഒരുവർഷം, 35,000 കോടി, അറസ്റ്റിലായത് 426 പേർ

Thursday 15 July 2021 12:27 AM IST

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 35,000 കോടി രൂപയിലേറെ വരുന്ന വ്യാജ ഇൻപുട്ട് ടാക്സുകൾ ഉൾപ്പെട്ട എണ്ണായിരത്തോളം കേസുകൾ രജിസ്റ്റർ ചെയ്തതായി ധനകാര്യമന്ത്രാലയം. വിവിധ കേസുകളിലായി 426 പേരാണ് ഇതുവരെ അറസ്റ്റിലായതെന്നും മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു. ചാർട്ടേഡ് അക്കൗണ്ടന്റുമാർ, അഭിഭാഷകർ, ഗുണഭോക്താക്കൾ, ഡയറക്ടർമാർ തുടങ്ങിയവർ ഉൾപ്പെടെയാണ് അറസ്റ്റിലായവർ. ഡയറക്ടറേറ്റ് ജനറൽ ഒഫ് ജി.എസ്.ടി ഇന്റലിജൻസ്, സി.ബി.ഐ.സിക്ക് കീഴിലുള്ള സി.ജി.എസ്.ടി സോണുകൾ എന്നിവ നടപ്പ് സാമ്പത്തിക വർഷം, 1200-ഓളം സ്ഥാപനങ്ങൾ ഉൾപ്പെട്ട 500-ലേറെ കേസുകൾ രജിസ്റ്റർ ചെയ്യുകയും 24 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ജി.എസ്.ടി സംവിധാനം നിലവിൽ വന്നത് മുതൽ തന്നെ സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (CBIC)-ന്റെ വിഭാഗങ്ങൾ തുടർച്ചയായി ഇത്തരം കേസുകൾ തിരിച്ചറിയുന്നുണ്ട്. വ്യാജ ഇൻപുട്ട് ടാക്സ് ക്രെഡിറ്റുകളുടെ ഉയർന്ന ഉപയോഗം പരിഗണിച്ച് 2020 നവംബർ 9 മുതൽ വ്യാജ ജി എസ് ടി ഇൻവോയ്സിനു എതിരായ ഒരു ദേശീയതല സ്പെഷ്യൽ ഡ്രൈവിനു തുടക്കം കുറിച്ചിരുന്നു. നടപടികൾ ഇപ്പോഴും തുടരുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

വ്യാജ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ പിടികൂടുന്നതിനായി വിവരസാങ്കേതികവിദ്യയുടെ നൂതന സങ്കേതങ്ങൾ, ഡിജിറ്റൽ തെളിവുകൾ എന്നിവയ്ക്കുപുറമേ മറ്റ് സർക്കാർ വകുപ്പുകളിലെ വിവരങ്ങളും സിബിഐസി ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നുണ്ട്.

 8000ഓളം കേസുകൾ

 ''കൊവിഡിന്റെ പശ്ചാത്തലത്തിൽ പരിശോധനകൾ കുറച്ചിരുന്നുവെങ്കിലും വരും ദിവസങ്ങളിൽ ഇത് കർശനമാക്കും.

- ധനമന്ത്രാലയം

Advertisement
Advertisement