ലോട്ടറി വകുപ്പിൽ ഓൺലൈൻ പോർട്ടൽ ഇടപാടുകൾ ഇനി സ്മാർട്ട്!

Thursday 15 July 2021 12:59 AM IST

തിരുവനന്തപുരം: ഏജന്റുമാർക്ക് ഓൺലൈനിലൂടെ പണമടച്ച് ടിക്കറ്റ് വാങ്ങുന്നതിനും ജി.എസ്.ടി ഒടുക്കുന്നതിനും ഉൾപ്പെടെ ലോട്ടറി വകുപ്പ് ഓൺലൈൻ പോർട്ടൽ തുടങ്ങുന്നു. അടുത്തയാഴ്ച ലോഞ്ച് ചെയ്യും. ഏജന്റുമാർക്ക് ഓൺലൈനിലൂടെ പണമടച്ചശേഷം ലോട്ടറി ഓഫീസിലെത്തി ടിക്കറ്റ് വാങ്ങാനുള്ള സൗകര്യമാകും ഏർപ്പെടുത്തുക. ഓഫീസിലെത്തി ടിക്കറ്റിനായുള്ള കാത്തുനില്പ് ഇതിലൂടെ ഒഴിവാക്കാം. ചെറുകിട ഏജന്റുമാർക്കും സൗകര്യം പ്രയോജനപ്പെടുത്താം.

രാജ്യത്ത് ആദ്യമായാണ് ലോട്ടറി വകുപ്പ് ഇത്തരം ഡിജിറ്റൽ സൗകര്യം ഒരുക്കുന്നത്. ഏജന്റുമാർക്ക് ജി.എസ്.ടി ലോട്ടറി ഓഫീസുകളിലെത്തി പണമായി അടയ്ക്കേണ്ടിവരുന്നതിന്റെ പ്രശ്നങ്ങളും പോർട്ടൽ വരുന്നതോടെ പരിഹരിക്കപ്പെടും. സംസ്ഥാനത്ത് 2.5 ലക്ഷം ലോട്ടറി ഏജന്റുമാരാണുള്ളത്.

 ഒാണം ബമ്പർ അടുത്തയാഴ്ച

ഒാണം ബമ്പർ ടിക്കറ്റ് വിൽപനയുടെ കാര്യത്തിൽ രണ്ടുദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകും.12 കോടി രൂപ ഒന്നാംസമ്മാനമുള്ള ടിക്കറ്റിന് 300 രൂപയാണ് വില. ഇത്തവണ മൺസൂൺ ബമ്പർ കൊവിഡ് മൂലം റദ്ദാക്കേണ്ടിവന്നു. വിഷു ബമ്പർ നറുക്കെടുപ്പ് 22ന് നടക്കും. കൊവിഡ് മൂലം മാറ്റിവച്ച നറുക്കെടുപ്പുകൾ രണ്ടാഴ്ചക്കുളളിൽ പൂർത്തിയാക്കും. ഒാണം ബമ്പർ എത്തുന്നതോടെ ലോട്ടറി വിൽപന ഉഷാറാകുമെന്നാണ് പ്രതീക്ഷ.

 വ്യാപാരം തുടങ്ങാൻ 3000 രൂപ

കൊവിഡിൽ തകർന്ന ലോട്ടറി ഏജന്റുമാർക്ക് വീണ്ടും ടിക്കറ്റ് വാങ്ങി വിൽക്കാൻ വകുപ്പിന്റെ 3000 രൂപ സഹായം ഉടൻ നൽകും. ഒാണം ബോണസിന്റെ അഡ്വാൻസായാണ് ഇത് നൽകുക. ആറായിരം രൂപയാണ് ബോണസ്. കൊവിഡ് സാഹചര്യം പരിഗണിച്ചാണ് രണ്ടായി നൽകുന്നത്. ബാക്കി തുക ഒാണക്കാലത്ത് നൽകും.

Advertisement
Advertisement