99.47 %: എസ്.എസ്.എൽ.സിക്ക് റെക്കാഡ് വിജയം

Thursday 15 July 2021 12:00 AM IST

 എഴുതിയ 4,​21,​226 പേരിൽ 4,​19,​651 പേരും വിജയിച്ചു

 1,21,318 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്

 നൂറ് മേനി വിജയം 2,​214 സ്കൂളുകൾക്ക്

തിരുവനന്തപുരം: കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾക്കും വെല്ലുവിളികൾക്കും മദ്ധ്യേ നടത്തിയ

ഇക്കൊല്ലത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ചരിത്ര വിജയം -99.47 %. ആകെ 4,21,887 പേർ പരീക്ഷ എഴുതിയതിൽ 4,19,​651 പേർ ഉപരിപഠനത്തിന് അർഹത നേടി. കഴിഞ്ഞ വർഷത്തെ വിജയശതമാനം 98.82. ഈ വർഷം 0.65 % വർദ്ധന. 1,21,318 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ വർഷം ഇത് 41,​ 906 പേരായിരുന്നു . 79,​412 പേരുടെ വർദ്ധന. 2,​214 സ്കൂളുകൾ നൂറ് ശതമാനം വിജയം കരസ്ഥമാക്കി. കഴിഞ്ഞ വർഷം ഇത് 1837 ആയിരുന്നു.

പുതിയ സ്‌കീമിൽ പ്രൈവറ്റായി പരീക്ഷ എഴുതിയ 645 വിദ്യാർത്ഥികളിൽ 537 പേരും , പഴയ സ്‌കീമിൽ 346 വിദ്യാർത്ഥികളിൽ 270 പേരും വിജയിച്ചു.

ഗൾഫിൽ ഒൻപത് കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയ 573 വിദ്യാർത്ഥികളിൽ 556 പേർ ജയിച്ചു-. മൂന്ന് ഗൾഫ് കേന്ദ്രങ്ങളിൽ 100 % വിജയം. ലക്ഷദ്വീപിൽ 627 പേർ പരീക്ഷ എഴുതിയതിൽ 607 പേർ യോഗ്യത നേടി.

ടി.എച്ച്.എസ്.എൽ.സിയിൽ 2,​889 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 2,​881പേർ ജയിച്ചു. വിജയം 99.72 % 704 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. എസ്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷ എഴുതിയ 256 പേരും,. ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ)​ പരീക്ഷയെഴുതിയ 17 പേരും വിജയിച്ചു.

 വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല- കണ്ണൂർ -(99.85 %)​,​ കുറവ് - വയനാട് (98.13 %)

 വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല - പാല (99.97 %)​,​ കുറവ് -വയനാട് (98.13 %.)

 കൂടുതൽ വിദ്യാർത്ഥികൾ മുഴുവൻ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല - മലപ്പുറം.(7,​838)

 കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ സെന്റർ - പി.കെ.എം.എച്ച്.എസ്.എസ് എടരിക്കോട്,​ മലപ്പുറം (2076)​.

കുറവ് പരീക്ഷ എഴുതിയ സെന്റർ - സെന്റ്. തോമസ് എച്ച്.എസ്.എസ് നിരണം, പത്തനംതിട്ട (ഒരാൾ)​.

പുനർമൂല്യനിർണയം: 17 മുതൽ അപേക്ഷിക്കാം

പുനർമൂല്യനിർണയം,​ സൂക്ഷ്മപരിശോധന,​ ഫോട്ടോകോപ്പി എന്നിവയ്ക്ക് 17 മുതൽ 23 വരെ ഓൺലൈനായി അപേക്ഷിക്കാം. സേ പരീക്ഷാതീയതി പിന്നീടറിയിക്കും.