ബി സി സി ഐ നിർദേശങ്ങൾ അവഗണിച്ചു യൂറോ ഫൈനൽ കാണാൻ പോയി, കൊവിഡ് പിടിപ്പെട്ടത് ഈ യുവതാരത്തിന്

Thursday 15 July 2021 12:46 PM IST

ലണ്ടൻ: ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യൻ ടീമിലെ കൊവിഡ് ബാധിച്ച യുവതാരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തെന്ന് റിപ്പോർട്ട്. ബി സി സി ഐ ഔദ്യോഗികമായി കളിക്കാരന്റെ പേര് പുറത്തുവിട്ടിട്ടില്ലെങ്കിലും റിഷഭ് പന്തിനാണ് കൊവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റാ പ്ളസ് പിടിപ്പെട്ടതെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊവിഡ് ബാധിച്ചത് ആർക്കാണെന്ന് ബി സി സി ഐ വെളിപ്പെടുത്തിയില്ലെങ്കിലും നിലവിൽ താരത്തിന് ലക്ഷണങ്ങളൊന്നുമില്ലെന്നും ഒരു പരിചയക്കാരന്റെ വീട്ടിൽ ആണെന്നും ബി സി സി ഐ വൃത്തങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ഇന്ത്യൻ താരങ്ങൾക്ക് അയച്ച സന്ദേശത്തിൽ ഇംഗ്ളണ്ടിൽ കൊവിഡ് രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേക കരുതൽ വേണമെന്ന് ബി സി സി ഐ സെക്രട്ടറി ജയ് ഷാ കളിക്കാരോട് ആവശ്യപ്പെട്ടിരുന്നു. കൊവിഷീൽഡ് വൈറസിൽ നിന്ന് സംരക്ഷണം മാത്രമേ നൽകുകയുള്ളൂ രോഗം വരില്ലെന്ന് പൂർണമായി പറയാൻ സാധിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

വിമ്പിൾഡൺ, യൂറോകപ്പ് ഫുട്ബാൾ ഫൈനൽ തുടങ്ങി ആളുകൾ കൂടാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് വിട്ടു നിൽക്കണമെന്നും ഷായുടെ സന്ദേശത്തിൽ എടുത്തു പറയുന്നുണ്ടായിരുന്നു. എന്നാൽ ബി സി സി ഐ നിർദേശം അവഗണിച്ച് റിഷഭ് പന്ത് സുഹൃത്തുക്കളോടൊപ്പം വെംബ്ളി സ്റ്റേഡിയത്തിൽ യൂറോ ഫൈനൽ കാണുന്നതിന് പോയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിറകേയാണ് പന്തിന് കൊവിഡ് പിടിപ്പെട്ടതായി വാർത്തകൾ വരുന്നത്.

20 ദിവസത്തെ ക്വാറന്റൈനു ശേഷം 23 അംഗ ടീം പരിശീലന മത്സരത്തിൽ പങ്കെടുക്കുന്നതിനു വേണ്ടി ഇന്ന് ഡർഹാമിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു. കൊവിഡ് ബാധിതനായ പന്തിനെ പരിശീലന മത്സരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇയാൾ ടീമിനൊപ്പം യാത്ര ചെയ്യില്ലെന്ന് ബി സി സി ഐ വൃത്തങ്ങൾ അറിയിച്ചു.

A post shared by Rishabh Pant (@rishabpant)

Advertisement
Advertisement