പൂർണിമ ബഹുഭാഷാ പണ്ഡിത, നാല് ഭാഷകൾ സംസാരിക്കും; കൂടുതൽ യോഗ്യതകളുള്ള ആളാണെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി

Thursday 15 July 2021 2:42 PM IST

തിരുവനന്തപുരം: മലയാളം മഹാനിഘണ്ടു എഡിറ്റർ നിയമനത്തെ പിന്തുണച്ച് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. സർവ്വകലാശാല ഓർഡിനൻസ് മറികടന്ന് പൂർണിമ മോഹനനെ നിയമിച്ച കാര്യം തനിക്കറിയില്ലെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം. പൂർണിമ മോഹന് യോഗ്യതയുണ്ടെന്നാണ് തനിക്ക് ലഭിച്ച വിവരം. പൂർണിമയുടേത് സ്ഥിരം നിയമനമല്ലെന്നും മന്ത്രി പറഞ്ഞു.

പൂർണിമ ബഹുഭാഷാ പണ്ഡിതയാണ്. ഒരുപാട് എഴുതുകയും വിവർത്തനങ്ങൾ ചെയ്യുകയും ചെയ്‌ത ആളാണ്. നാല് ഭാഷകൾ അവർ സംസാരിക്കും. ഡെപ്യൂട്ടേഷനിൽ താത്കാലികമായിട്ടാണ് അവരുടെ നിയമനം. ക്വാളിഫിക്കേഷൻ ഇല്ലാത്ത ആളല്ല കൂടുതൽ യോഗ്യതകളുള്ള ആളാണ് പൂർണിമയെന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും നിലവിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായ ആർ മോഹനന്‍റെ ഭാര്യ ഡോ പൂർണിമാ മോഹനന്‍റെ നിയമനമാണ് വിവാദത്തിലായിരിക്കുന്നത്. കാലടി സർവ്വകലാശാലയിലെ സംസ്‌കൃത വിഭാഗം അദ്ധ്യാപികയായ പൂർണിമാ മോഹനനെ മലയാള മഹാ നിഘണ്ടു വകുപ്പ് മേധാവിയാക്കിയത് ചട്ടം ലംഘിച്ചെന്നാണ് ആക്ഷേപം.