നിയമസഭാ സമ്മേളനം 22 മുതൽ

Friday 16 July 2021 12:00 AM IST

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഈ മാസം 22 മുതൽ വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 21 മുതൽ വിളിച്ചുചേർക്കാനായിരുന്നു കഴിഞ്ഞയാഴ്ചത്തെ തീരുമാനമെങ്കിലും അന്ന് ബക്രീദ് ആയതിനാൽ ഇന്നലെ തീയതിയിൽ മാറ്റം വരുത്തി വീണ്ടും ഗവർണറെ അറിയിക്കാൻ തീരുമാനിക്കുകയായിരുന്നു.

ആഗസ്റ്റ് 18 വരെയാണ് സമ്മേളനം നീളുക. മൊത്തം 20 ദിവസം സമ്മേളിക്കും. വകുപ്പുതിരിച്ച് സമ്പൂർണ ബഡ്ജറ്റ് പാസാക്കുകയാണ് സമ്മേളന ലക്ഷ്യം. അത്യാവശ്യം മറ്റ് ചില നിയമനിർമ്മാണങ്ങളുമുണ്ടാകും. വ്യവസായ തർക്കപരിഹാര ബിൽ ഈ സമ്മേളനത്തിൽ വന്നേക്കും.

പൊലീസ് മിനിസ്റ്റീരിയൽ വിഭാഗത്തിൽ 49 തസ്തികകൾ

കണ്ണൂർ സിറ്റി, റൂറൽജില്ലാ പൊലീസ് ഓഫീസുകളുടെയും വനിതാ ബറ്റാലിയന്റെയും സുഗമമായ പ്രവർത്തനത്തിന് സംസ്ഥാന പൊലീസിലെ മിനിസ്റ്റീരിയൽ വിഭാഗത്തിൽ 49 തസ്തികകൾ സൃഷ്ടിക്കും. ക്രൈംബ്രാഞ്ചിൽ നിലവിലുള്ള അഞ്ച് ജൂനിയർ സൂപ്രണ്ട് തസ്തികകൾ സീനിയർ സൂപ്രണ്ട് തസ്തികകളായി ഉയർത്തും.

ആത്മഹത്യ ചെയ്ത തടവുകാരന്റെ

കുടുംബത്തിന് നഷ്ടപരിഹാരം

തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ ആത്മഹത്യ ചെയ്ത തടവുകാരൻ സജിത്തിന്റെ കുടുംബത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന വ്യവസ്ഥയോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

Advertisement
Advertisement