60കുടുംബങ്ങൾക്ക് 'കിടപ്പാടം' ഒരുക്കാൻ വേറിട്ടൊരു പദ്ധതി

Thursday 15 July 2021 11:10 PM IST

അടൂർ : തന്റെ വാർഡിൽ സുരക്ഷിതമല്ലാത്ത വീടുകളിലും താത്കാലിക ഷെഡുകളിലും കഴിയുന്നവർക്ക് വീടൊരുക്കാനുള്ള വേറിട്ട പദ്ധതിയുമായി പഞ്ചായത്ത് മെമ്പർ. ഏഴംകുളം ഗ്രാമപഞ്ചായത്ത് പുതുമല ഒന്നാം വാർഡ് മെമ്പർ ബാബുജോണാണ് ' കിടപ്പാടം' എന്ന സമ്പൂർണ ഭവന പദ്ധതിക്ക് രൂപംനൽകിയത്. ഇതിനായി ഒരു ബുക്ക്ലെറ്റും പ്രസിദ്ധീകരിച്ചു. ദുരിതപൂർണമായ സാഹചര്യങ്ങളിൽ കഴിയുന്നവരുടെ വീടിന്റെ ഫോട്ടോ, വീട്ടുനമ്പർ, മേൽവിലാസം, ഫോൺനമ്പർ, ജാതി, മതം തുടങ്ങിയ വിവരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബാബുജോൺ നടത്തിയ സർവേയിൽ കണ്ടെത്തിത് 60 പേർക്ക് സുരക്ഷിതമായ വീടില്ലെന്നാണ്. ഇതിൽ എട്ടുപേർക്ക് സ്വന്തമായി സ്ഥലവുമില്ല. വിവിധ തലങ്ങളിൽ നിന്നുള്ള സഹായങ്ങൾ സ്വരൂപിച്ച് വരുന്ന രണ്ട് വർഷത്തിനിടയിൽ ഇവർക്ക് വീട് നിർമ്മിച്ചുനൽകാനാണ് ബാബുജോണിന്റെ പദ്ധതി.

പദ്ധതി ഇങ്ങനെ

രണ്ട് കോടി രൂപ സ്വരൂപിച്ചാൽ നാല് ലക്ഷം രൂപ ചെലവിലുള്ള വീടുകൾ വീതം നിർമ്മിച്ചുനൽകാനാകും.

25വീടുകൾക്ക് രണ്ട് ലക്ഷം രൂപ വീതം അൻപത് ലക്ഷം രൂപ കണ്ടെത്തി ഭവനനിർമ്മാണ ബോർഡിന്റെ ഗൃഹശ്രീ പദ്ധതിയിൽ അടച്ചാൽ നാല് ലക്ഷം രൂപയുടെ വീടുകൾ നിർമ്മിച്ചുനൽകാനാകും

രണ്ട് കുടുംബത്തിന് ലൈഫ് പദ്ധതിയിലൂടെ വീട് ലഭിക്കും. ശേഷിക്കുന്നവർക്കും നാല് ലക്ഷം രൂപയുടെ വീടുകൾ നിർമ്മിച്ചു നൽകും.

ഇതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ ഏജൻസികൾ, സ്വകാര്യ ഏജൻസികൾ, വ്യക്തികൾ, സ്വകാര്യ സംരംഭങ്ങൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയെ ഏകോപിപ്പിച്ചാകും പ്രവർത്തനം.

"വാർഡിൽ സുരക്ഷിതമല്ലാത്ത വീടുകളിൽ കഴിയുന്ന അറുപതുപേരുണ്ട്. ഒരു വാർഡിൽ ഇത്രയും പേർക്ക് വീട് നൽകാൻ ഒരു സർക്കാരിനും കഴിയില്ല. ഇൗ സാഹചര്യത്തിലാണ് പദ്ധതി ആവിഷ്കരിച്ചത്. "

ബാബു ജോൺ,

ഒന്നാം വാർഡ് മെമ്പർ

ഏഴംകുളം ഗ്രാമപഞ്ചായത്ത്

Advertisement
Advertisement