കുണ്ടറയിൽ കിണർ വില്ലൻ

Friday 16 July 2021 12:14 AM IST

കൊല്ലം: കിണർ അപകടങ്ങൾ ഏറ്റവും കൂടുതലുള്ള പ്രദേശമായി കുണ്ടറ മാറിയിട്ട് നാളേറെയായി. കിണറ്റിൽ കാൽവഴുതി വീണും ചാടിയതും മറ്റ് ദുരന്തങ്ങളുമടക്കം വർഷം അൻപതിൽപരം അപകടങ്ങൾ കുണ്ടറയുടെ വിവിധ പ്രദേശങ്ങളിൽ നടക്കുന്നുണ്ടെന്നാണ് കണക്കുകൾ.

കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ കുണ്ടറ മേഖലയിൽ ഒൻപത് ഇടത്താണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനങ്ങൾക്കെത്തിയത്. ഇതിൽ മൂന്നുപേരുടെ ജീവൻ രക്ഷിക്കാനായി. വീട്ടുകാരും നാട്ടുകാരും നടത്തുന്ന രക്ഷാപ്രവർത്തനങ്ങളുടെ കണക്കുകൂടിയെടുത്താൽ അപകട സംഖ്യ ഉയരും. ഇന്നലെ പെരുമ്പുഴയിൽ നാലുപേർ കിണറ്റിൽ അകപ്പെട്ട് ശ്വാസംമുട്ടി മരിച്ചതാണ് ഒടുവിലത്തെ സംഭവം.

മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് കുണ്ടറയിലെ കിണറുകൾക്ക് ആഴക്കൂടുതലുണ്ടെന്നാണ് വിലയിരുത്തൽ. പടപ്പക്കര, വെള്ളിമൺ പ്രദേശങ്ങളിൽ നൂറടി താഴ്ചയിൽ കുറയാത്ത പുതിയ കിണറുകൾ വിരളമാണ്. മറ്റിടങ്ങളിലും ആഴത്തിന്റെ കാര്യത്തിൽ വലിയ വ്യത്യാസമില്ല. പുറംമണ്ണ് മാറ്റിയാൽ നനവുള്ള മണ്ണാണുള്ളതെങ്കിലും വെള്ളം കിട്ടാറില്ല. കൂടുതൽ ആഴമെത്തുമ്പോഴാണ് ശുദ്ധജലം ലഭിക്കുക. പലയിടത്തും കിണറുകൾക്ക് കോൺക്രീറ്റ് തൊടികൾ ഇറക്കേണ്ടിയും വരാറുണ്ട്. മനുഷ്യർ മാത്രമല്ല, വളർ‌ത്തുമൃഗങ്ങളും തെരുവ് നായ്ക്കളുമൊക്കെ കിണറ്റിൽപ്പെടുന്ന സംഭവങ്ങളുമുണ്ട്.

''

കാൽവഴുതി കിണറ്റിൽ വീഴുന്നതും മനപ്പൂർവം ചാടുന്നതുമായ കേസുകൾ മിക്കപ്പോഴും ഉണ്ടാകാറുണ്ട്.

കുണ്ടറ പൊലീസ്

''

ഒന്നിടവിട്ട ദിവസങ്ങളിൽ കിണറുമായി ബന്ധപ്പെട്ട അപകടങ്ങളിൽ ഇടപെടേണ്ടി വരാറുണ്ട്.

കുണ്ടറ ഫയർഫോഴ്സ്

Advertisement
Advertisement