അഞ്ചു പേർക്ക് കൂടി സിക്ക

Friday 16 July 2021 1:47 AM IST


 രോഗപ്രതിരോധത്തിന് ഹോട്ട്സ്‌പോട്ടുകൾ കേന്ദ്രീകരിച്ച് മൈക്രോപ്ലാൻ

തിരുവനന്തപുരം: സിക്ക വൈറസിന്റെ സാന്നിദ്ധ്യം തലസ്ഥാനത്ത് കൂടുതൽ പേരിൽ കണ്ടെത്തി. ഇന്നലെ അഞ്ചു പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 35ഉം 29ഉം വയസുള്ള

ആനയറ സ്വദേശിനികൾ, കുന്നുകുഴി സ്വദേശിനി (38), പട്ടം സ്വദേശി (33), കിഴക്കേക്കോട്ട സ്വദേശിനി (44) എന്നിവർക്കാണ് വൈറസ് ബാധിച്ചത്. ഇതിൽ 4 പേരുടെ സാമ്പിളുകൾ രണ്ട് സ്വകാര്യ ആശുപത്രികളിൽ നിന്നും പരിശോധനയ്ക്ക് അയച്ചതാണ്. ഒരെണ്ണം പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് ശേഖരിച്ചതും. ഇതോടെ സംസ്ഥാനത്ത് ആകെ 28 പേർക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. നിലവിൽ 8 പേരാണ് ചികിത്സയിലുള്ളത്. അതിൽ 3 പേർ ഗർഭിണികളാണ്.

രോഗബാധിതർ കൂടുതലായി കണ്ടെത്തുന്ന ഹോട്ട് സ്‌പോട്ടുകൾ കേന്ദ്രീകരിച്ച് മൈക്രോപ്ലാൻ നടപ്പാക്കാൻ മന്ത്രിമാരായ എം.വി.ഗോവിന്ദൻ, വീണാ ജോർജ് എന്നിവരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. തിരുവനന്തപുരത്താണ് രോഗം റിപ്പോർട്ട് ചെയ്തതെങ്കിലും എല്ലാ ജില്ലകളും ജാഗ്രത പാലിക്കണം. സിക്ക വൈറസും ഡെങ്കിപ്പനിയും ഈഡിസ് കൊതുകുകളാണ് പരത്തുന്നതിനാൽ കൊതുക് നശീകരണ പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് ഇക്കാര്യത്തിൽ വിദ്യാർത്ഥികളിലൂടെയും അവബോധം ശക്തമാക്കും. കുടുംബശ്രീ വഴി ബോധവത്കരണം നടത്താനും യോഗം തീരുമാനിച്ചു. രോഗവ്യാപന സാദ്ധ്യതയുള്ള ഹോട്ട് സ്‌പോട്ടുകളുടെ വിവരം ഡി.എം.ഒമാർ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകണമെന്നും നിർദേശം നൽകി.

Advertisement
Advertisement