കർക്കടകമാസ പൂജകൾക്കായി ശബരിമല നട തുറന്നു

Saturday 17 July 2021 12:51 AM IST

ശബരിമല: കർക്കടക മാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി വി.കെ.ജയരാജ് പോറ്റി നട തുറന്ന് ദീപങ്ങൾ തെളിച്ചു. തുടർന്ന് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്തു. ഉപദേവത ക്ഷേത്ര നടകളും തുറന്ന് ദീപങ്ങൾ തെളിച്ചു. പിന്നീട് പതിനെട്ടാംപടിക്ക് മുന്നിലെ ആഴിയിൽ മേൽശാന്തി അഗ്നിപകർന്നു.

ഇന്നുമുതലാണ് തീർത്ഥാടകർക്ക് പ്രവേശനം. ഇന്ന് പുലർച്ചെ അഞ്ചിന് നടതുറന്ന് അഷ്ടാഭിഷേകം, ഗണപതിഹോമം തുടങ്ങിയ ചടങ്ങുകൾ ആരംഭിക്കും. നാലരമുതൽ ഭക്തരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടും. ആറുമണി മുതൽ മാത്രമേ ഭക്തർക്ക് ദർശനത്തിന് അനുമതിയുള്ളൂ. നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, 25 കലശാഭിഷേകം, പടിപൂജ എന്നിവ നട തുറന്നിരിക്കുന്ന അഞ്ചു ദിവസങ്ങളിലും ഉണ്ടാകും. ജൂലായ് 21ന് നട അടയ്ക്കും.

രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭക്തർ അയ്യപ്പസന്നിധിയിൽ എത്തുന്നത്. നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ 5000 ഭക്തർക്ക് വീതം ദർശനത്തിനായി അവസരം ഒരുക്കിയിട്ടുണ്ടെങ്കിലും ഇന്നലെ വൈകിട്ട് നാല് വരെ 3,347 പേർമാത്രമാണ് ഇന്ന് ദർശനത്തിനായി വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തത്. തുടർദിവസങ്ങൾക്കുവേണ്ടിയും ബുക്ക് ചെയ്തവരുടെ എണ്ണം നാലയിരത്തിൽ താഴെയാണ്. പ്രതികൂല കാലാവസ്ഥയും ദർശനത്തിന് എത്തുന്നവർക്കായി ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുമാണ് തീർത്ഥാടകരുടെ എണ്ണം കുറയാൻ കാരണം.