60 ലക്ഷം ഡോസ് വാക്സിൻകൂടി തരണം, പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

Saturday 17 July 2021 12:00 AM IST

തിരുവനന്തപുരം: കേരളത്തിന് അറുപത് ലക്ഷം ഡോസ് വാക്സിൻ കൂടി ഉടൻ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഏപ്രിലിൽ ആരംഭിച്ച കൊവിഡ് രണ്ടാം തരംഗത്തിൽ അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദമാണ് സംസ്ഥാനത്ത് പ്രധാനമായും കണ്ടെത്തിയത്. രണ്ടാം തരംഗം നേരിടുന്നതിന് കേരളം നടത്തിയ പ്രവർത്തനങ്ങൾ പ്രധാനമന്ത്രിയുമായി വീഡിയോ കോൺഫറൻസിൽ പങ്കുവയ്ക്കുകയായിരുന്നു മുഖ്യമന്ത്രി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏകദേശം 30 ശതമാനത്തിനടുത്ത് എത്തുന്ന സാഹചര്യമുണ്ടായി. ഇപ്പോൾ അത് 10.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വൈകിയാണ് കേരളത്തിൽ രണ്ടാം തരംഗം ആരംഭിച്ചത്. രോഗം ഉച്ചസ്ഥായിയിൽ എത്തിക്കുന്നത് വൈകിച്ചു കൊണ്ട് ആരോഗ്യമേഖലയ്ക്ക് ഉൾക്കൊള്ളാൻ സാധിക്കുന്ന രീതിയിൽ രോഗവ്യാപനം പിടിച്ചു നിറുത്താനാണ് കേരളം ശ്രമിച്ചത്. അതിൽ വിജയിച്ചു. അതിന്റെ ഭാഗമായാണ് കേരളത്തിൽ ഇപ്പോഴും മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണം കൂടുതലുള്ളത്.

ആവശ്യമായ തോതിൽ ടെസ്റ്റ് നടത്തിയും, ക്വാറൻൈറനും ചികിത്സയും ഫലപ്രദമായി നടപ്പിലാക്കിയും രോഗത്തെ പ്രതിരോധിക്കാൻ കേരളത്തിനു സാധിച്ചു. അതിനാലാണ് മരണ നിരക്ക് മറ്റു പ്രദേശങ്ങളിൽ ഉയർന്നിട്ടും 0.48 ശതമാനത്തിൽ ഇപ്പോഴും പിടിച്ച് നിറുത്താൻ സാധിക്കുന്നത്. സംസ്ഥാനത്തെ 1.17 കോടി പേർക്ക് ആദ്യ ഡോസ് വാക്‌സിനും 44.18 ലക്ഷം പേർക്ക് രണ്ടു ഡോസ് വാക്‌സിനും നൽകി. ഒട്ടുംനഷ്ടപ്പെടുത്താതെ ഏറ്റവും വേഗത്തിൽ വാക്‌സിൻ വിതരണം ചെയ്യുന്ന സംസ്ഥാനമാണ് കേരളം.
പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കാനാവശ്യമായ പിന്തുണ കേന്ദ്ര സർക്കാരിൽ നിന്നുണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Advertisement
Advertisement