കേബിൾ ടി.വി ചട്ടഭേദഗതി: കേന്ദ്രത്തിന്റെ വിശദീകരണം തേടി

Saturday 17 July 2021 12:25 AM IST

കൊച്ചി: കേബിൾ ടി.വി നെറ്റ്‌വർക്ക് ചട്ടത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതിക്കെതിരെ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ (എൻ.ബി.എ) നൽകിയ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി .ഹർജി തീർപ്പാകുന്നതുവരെ പുതിയ ഭേദഗതി അനുസരിച്ച് കർശന നടപടികൾ സ്വീകരിക്കരുതെന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് ജസ്റ്റിസ് ടി.ആർ.രവി നിർദ്ദേശം നൽകി.

1994ലെ കേബിൾ ടി.വി നെറ്റ്‌വർക്ക് ചട്ടത്തിലെ പുതിയ ഭേദഗതിയിൽ ടെലിവിഷൻ ചാനലിന്റെ ഉള്ളടക്കം സംബന്ധിച്ച പരാതികൾ പരിഗണിക്കാൻ ത്രിതല സംവിധാനമൊരുക്കാനാണ് നിർദ്ദേശിക്കുന്നത്. ഇതിലൂടെ കേന്ദ്ര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരം ലഭിക്കുന്ന സാഹചര്യമുണ്ടാകുമെന്നും ചാനലുകളുടെ ഉള്ളടക്കം നിയന്ത്രിക്കുന്ന സ്ഥിതിവരുമെന്ന് ആശങ്കയുണ്ടെന്നും ഹർജിക്കാർ ആരോപിക്കുന്നു. എന്നാൽ സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് ചട്ടത്തിൽ ഇത്തരമൊരു ഭേദഗതി കൊണ്ടുവന്നതെന്ന് കേന്ദ്ര സർക്കാർ വാദിച്ചു. കൂടുതൽ വിശദീകരണത്തിനായി സമയം വേണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് സിംഗിൾബെഞ്ച് ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.

Advertisement
Advertisement