വ്യാപാരികളുമായി ഒത്തുതീർപ്പ് , മൂന്നു ദിവസം എല്ലാം തുറക്കാം, ഞായർ,​ തിങ്കൾ,​ ചൊവ്വ ദിവസങ്ങളിൽ കടകൾ രാത്രി 8 വരെ

Saturday 17 July 2021 12:57 AM IST

തിരുവനന്തപുരം: ബക്രീദിനോടനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ വേണ്ടി ഈ ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക് ഡൗൺ ഒഴിവാക്കിയതിനു പുറമേ, ചൊവ്വാഴ്ചവരെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു. ബുധനാഴ്ചയാണ് ബ്രക്രീദ്. ബുധനാഴ്ച നിലവിൽ പ്രവർത്തനാനുമതിയുണ്ട്.ഫലത്തിൽ, നാലു ദിവസം തുടർച്ചയായി കടകൾ തുറക്കാം.

കടകൾ രാവിലെ 7 മുതൽ വൈകിട്ട് 8 വരെ തുറക്കാം. ഈ ദിവസങ്ങളിൽ കടകൾക്ക് പുറമേ, മറ്റു സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം. ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ ബാധകമാണ്. മറ്റ് ആവശ്യങ്ങൾ കൊവിഡ് പ്രതിവാര അവലോകനയോഗത്തിൽ തീരുമാനിച്ച് അറിയിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഓണംവരെ തുടർച്ചയായി തുറക്കാൻ അനുവദിക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്.

ലോക്ക് ഡൗണിനും കടയടപ്പിനും എതിരെ കോഴിക്കോട് വ്യാപാരികൾ പ്രതിഷേധിച്ച പശ്ചാത്തലത്തിൽ ഇന്നലെ മുഖ്യമന്ത്രിയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ നേരിട്ട് നടത്തിയ ചർച്ചയിലാണ് ധാരണയായത്.

മുഖ്യമന്ത്രി അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീൻ പറഞ്ഞു.

ഇളവ് ഇങ്ങനെ

*എ,ബി,സി മേഖലകളിൽ 18, 19, 20 തീയതികളിൽ ലോക്ക് ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ്

*ട്രിപ്പിൾ ലോക്ക്ഡൗൺ ബാധകമായ ഡി വിഭാഗത്തിൽ ഇളവില്ല

* പലചരക്ക്, പഴം, പച്ചക്കറി, മീൻ, ഇറച്ചി, ബേക്കറി തുടങ്ങിയ കടകൾ രാവിലെ 7 മുതൽ രാത്രി 8 വരെ

*തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണക്കട എന്നിവയും രാവിലെ 7 മുതൽ രാത്രി 8 വരെ

Advertisement
Advertisement