ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ആസ്ഥാന മന്ദിരത്തിന് 35 കോടി

Friday 16 July 2021 11:36 PM IST

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കുന്നതിന് 35 കോടി രൂപ സർവകലാശാലയുടെ പ്രഥമബഡ്‌ജറ്റിൽ നീക്കിവച്ചു. സർവകലാശാല ആസ്ഥാന മന്ദിരം നിർമ്മിക്കുന്നതിന് കൊല്ലം പട്ടണത്തിന്റെ പരിധിക്കുള്ളിൽ 8 മുതൽ 10 ഏക്കർ വരെ സ്ഥലം ആവശ്യമാണ്. കൊല്ലം പട്ടണത്തിൽ വിവിധ സ‌ർക്കാ‌ർ വകുപ്പുകളുടെ അധീനതയിൽ ഈ ആവശ്യത്തിന് ഉപയോഗിക്കാവുന്ന ഭൂമി നിലവിലുണ്ട്. സർക്കാരിൽ അപേക്ഷ നൽകി ഭൂമി പതിച്ചെടുക്കാൻ നടപടികൾ സ്വീകരിക്കും. അല്ലാത്തപക്ഷം വില നിശ്ചയിച്ച് ഭൂമി ഏറ്റെടുത്ത് നൽകാനും സർക്കാരിൽ സമ്മർദ്ദം ചെലുത്തും. ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിയതായി വൈസ് ചാൻസലർ ഡോ. പി.എം. മുബാറക് പാഷ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർവകലാശാലാ ആസ്ഥാന മന്ദിരത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, അക്കാദമിക്ക് ബ്ലോക്ക് ആൻഡ് ട്രെയിനിംഗ് സെന്റർ, പ്രൊഡക്ഷൻ യൂണിറ്റ്, കാമ്പസ് ലൈബ്രറി, അക്കാദമിക് സ്‌കൂൾസ് ആൻഡ് റിസർച്ച് സെന്ററുകൾ, ശ്രീനാരായണഗുരുവിന്റെ സ്മരണാർത്ഥം നിർമ്മിക്കുന്ന നവോത്ഥാന മ്യൂസിയം, പബ്ലിക്കേഷൻ ഡിവിഷൻ, കായിക വിനോദ സംവിധാനങ്ങൾ, ബൊട്ടാണിക്കൽ ഗാർഡൻ, ഓഡിറ്റോറിയം ആൻഡ് തീയേറ്റർ, ജീവനക്കാർക്കും മറ്റും റെസിഡൻഷ്യൽ കോംപ്ലക്‌സ്, സ്റ്റുഡന്റ് ഹോസ്റ്റൽ, കാന്റീൻ, പരീക്ഷാവിഭാഗം, സന്ദർശക ഗാലറി, ഗസ്റ്റ് ഹൗസ് എന്നിവയുടെ സ്ഥാനം നിർണയിച്ച് മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ഇതിനായി 50 ലക്ഷം രൂപ നീക്കിവച്ചു.

Advertisement
Advertisement