ഷബ്‌നയുടെ തിരോധാനത്തിന് മൂന്ന് വർഷം

Friday 16 July 2021 11:59 PM IST

കൊല്ലം: കടവൂർ ആണിക്കുളത്ത് ചിറയിൽ പടിഞ്ഞാറ്റതിൽ ഇബ്രാഹിംകുട്ടി - റജീല ദമ്പതികളുടെ മകൾ ഷബ്‌നയെ (18) കാണാതായിട്ട് ഇന്ന് മൂന്നുവർഷം തികയുന്നു. അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി കാത്തിരിക്കുകയാണ് മാതാപിതാക്കൾ.

കടവൂരിലെ സ്വകാര്യ കേന്ദ്രത്തിൽ പി.എസ്.സി പരിശീലനത്തിന് 2019 ജൂലായ് 17ന് വീട്ടിൽ നിന്നിറങ്ങിയ ഷബ്‌ന പിന്നീട് തിരികെയെത്തിയില്ല. ബീച്ചിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ ഷബ്‌ന നടന്നുപോകുന്ന ദൃശ്യങ്ങളും കടൽക്കരയിൽ നിന്ന് ചെരുപ്പുകളും പൊലീസ് കണ്ടെടുത്തിരുന്നു. അന്ന് കോസ്റ്റ്ഗാർഡ് കടലിൽ നിരീക്ഷണം നടത്തുകയും ചെയ്തു. ലോക്കൽ പൊലീസ് അന്വേഷിച്ചിട്ടും ഫലമുണ്ടാകാഞ്ഞതിനെ തുടർന്ന് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ചെങ്കിലും ഒരിഞ്ചുപോലും അന്വേഷണം മുന്നോട്ട് പോയില്ല. പിന്നീട് ആക്ഷൻ കൗൺസിലും സംസ്ഥാന പൊലീസും 2 ലക്ഷം രൂപ വീതം ഇനാം പ്രഖ്യാപിച്ചെങ്കിലും അന്വേഷണത്തിൽ പുരോഗതി ഉണ്ടായില്ല.

കഴിഞ്ഞവർഷം ഷബ്‌നയുടെ ഫേസ് ബുക്ക്‌ അക്കൗണ്ട് ചെന്നൈ വിരുദ്നഗറിൽ ഉപയോഗിച്ചതായി വിവരം ലഭിച്ചെങ്കിലും ഇവിടം കേന്ദ്രീകരിച്ചുള്ള അന്വേഷണവും എങ്ങുമെത്തിയില്ല. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ഷബ്‌നയെ കണ്ടതായി ചിലർ പൊലീസിന് വിവരം നൽകിയിരുന്നു. എന്നാൽ ഇപ്പോഴും ഷബ്‌നയുടെ തിരോധാനം കീറാമുട്ടിയായി തുടരുകയാണ്.

Advertisement
Advertisement