മല്യയുടെ ₹792 കോടിയുടെ സ്വത്ത് വിറ്റഴിച്ച് ബാങ്കുകൾ

Saturday 17 July 2021 3:33 AM IST

മുംബയ്: വൻ തുകയുടെ വായ്‌പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യംവിട്ട വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ 792.12 കോടി രൂപയുടെ ആസ്‌തികൾ വിറ്റഴിച്ച് ബാങ്കുകൾ. എസ്.ബി.ഐ നയിക്കുന്ന 17 ബാങ്കുകളുടെ കൺസോർഷ്യത്തിനു വേണ്ടി ഡെറ്റ് റിക്കവറി ട്രൈബ്യൂണലാണ് (ഡി.ആർ.ടി) സ്വത്തുക്കൾ വിറ്റഴിച്ച് തുക ബാങ്കുകൾക്ക് കൈമാറിയത്. മല്യയ്ക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി നേരത്തേ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റാണ് സ്വത്തുക്കൾ കണ്ടുകെട്ടി കൺസോർഷ്യത്തിന് കൈമാറിയത്.

വായ്‌പാത്തുക തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് സ്വത്തുക്കൾ വിറ്റഴിച്ച് ബാങ്കുകൾ പണമാക്കുന്നത്. ഇതിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അനുമതി (എൻ.ഒ.സി) നൽകിയിരുന്നു. സ്വന്തം ജാമ്യത്തിലും തന്റെ മദ്യക്കമ്പനിയായ യു.ബി. ഹോൾഡിംസ്, പ്രവർത്തനം നിലച്ച കിംഗ്‌ഫിഷർ എയർലൈൻസ് എന്നിവയുടെ പേരിൽ കോർപ്പറേറ്റ് ജാമ്യത്തിലും കൺസോർഷ്യത്തിൽ നിന്ന് 9,900 കോടി രൂപയാണ് മല്യ വായ്‌പയെടുത്തത്. കിംഗ്‌ഫിഷറിന് വേണ്ടിയാണ് വായ്‌പ എടുത്തതെങ്കിലും വകമാറ്റി ചെലവഴിച്ചു. സാമ്പത്തികഞെരുക്കം മൂലം കിംഗ്‌ഫിഷർ പിന്നീട് ചിറക് മടക്കി. തുടർന്ന്, മനഃപൂർവം വായ്‌പ തിരിച്ചടയ്ക്കാതെ (വിൽഫുൾ ഡിഫോൾട്ടർ) മല്യ ലണ്ടനിലേക്ക് മുങ്ങി. അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ 18,170.02 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടിയെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കഴിഞ്ഞ ജൂണിൽ വ്യക്തമാക്കിയിരുന്നു. ഇതിൽ 9,371 കോടി രൂപയാണ് ഇ.ഡി തട്ടിപ്പിനിരയായ ബാങ്കുകൾക്ക് കൈമാറിയത്. ബാങ്കുകളിൽ നിന്ന് മൂവരും തട്ടിയതിന്റെ 40 ശതമാനമാണിത്. മൊത്തം 22,586 കോടി രൂപയാണ് മൂവരും ചേർന്ന് തട്ടിയത്. ഇതിന്റെ 80.45 ശതമാനം (18,170.02 കോടി രൂപ) ഇതുവരെ കണ്ടുകെട്ടി.

81 ശതമാനം തുകയും

വീണ്ടെടുത്ത് ബാങ്കുകൾ

വിജയ് മല്യ വീട്ടാനുള്ള വായ്‌പയുടെ 81 ശതമാനവും അദ്ദേഹത്തിന്റെ സ്വത്തുക്കൾ വിറ്റഴിച്ച് ബാങ്കുകൾ വീണ്ടെടുത്തു കഴിഞ്ഞു. ആദ്യഘട്ടത്തിൽ 5,284.50 കോടി രൂപയും പിന്നീട് 1,357 കോടി രൂപയുമാണ് വീണ്ടെടുത്തത്. മല്യയുടെ യുണൈറ്റഡ് ബ്രുവറീസ് (യു.ബി.എൽ), യുണൈറ്റഡ് സ്‌പിരിറ്റ്‌സ് എന്നിങ്ങനെ ഏഴ് കമ്പനികളുടെ ആസ്‌തികളാണ് ബാങ്കുകൾ വിറ്റഴിച്ചത്. ഇവയിൽ പലതും പേപ്പറിൽ മാത്രമുള്ള കമ്പനികളാണ്.

Advertisement
Advertisement