ആർക്കിടെക്ടായി ഗോവയിലെത്തി: ലഹരികടത്തിന്റെ 'സാക്ക' യായി

Sunday 18 July 2021 2:31 AM IST

കോഴിക്കോട്: ഗോവയിൽ നിന്ന് ലഹരിമരുന്ന് കൊറിയർ വഴി കടത്തിയതിന് കഴിഞ്ഞ ദിവസം എക്സൈസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത തൃശൂർ വാടാനപ്പള്ളി പുത്തൻപുരയിൽ സക്കീർ ഹുസൈൻ ലഹരിമരുന്ന് കടത്ത് ആരംഭിക്കുന്നത് ഗോവയിൽ ആർക്കിടെക്ടായി ജോലി നോക്കുന്നതിനിടെയാണ്. ആർക്കിടെക്ട് ബിരുദത്തിനുശേഷം ബംഗളൂരുവിലെ ഒരു സ്ഥാപനത്തിൽ ജോലിചെയ്യവെയാണ് ഗോവയിൽ ടൂറിസ്റ്റ് വില്ല പണിയാൻ സ്ഥാപനത്തിന് പ്രോജക്ട് ലഭിക്കുന്നതും സക്കീർ അതിന്റെ ഭാഗമാവുകന്നതും. നന്നായി ഗിത്താർ വായിക്കുന്ന സക്കീർ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഡി.ജെ പാർട്ടികളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. ക്രമേണ ലഹരിയുടെ സുഖമറിഞ്ഞു.

ഇവിടെവച്ച് പരിചയപ്പെട്ട ലഹരിക്കടിമയായ ഒരു വിദേശ വനിതയുടെ കൂടെയായി താമസം. അവർ വിദേശത്തേക്ക് മടങ്ങിയതോടെ സക്കീർ കളിപ്പാട്ടത്തിൽ ഒളിപ്പിച്ച് കേരളത്തിലേക്ക് ലഹരിമരുന്ന് കടത്താനാരംഭിച്ചു .

ഇയാൾ ലഹരിമരുന്ന് കേന്ദ്രങ്ങളിൽ അറിയപ്പെടുന്നത് ' സാക്ക ' എന്ന പേരിലാണ്. ലഹരിക്കടത്തിനിടെ ശത്രുക്കളും കൂടി.എതിർ ചേരിയിലുളളവരുടെ ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സക്കീ‌ർ തുടർചികിത്സയ്ക്കാണ് കേരളത്തിലെത്തിയത്. സക്കീറിന്റെ വഴിവിട്ട ജീവിതം പ്രവാസിയായിരുന്ന പിതാവും സഹോദരങ്ങളും എതിർത്തതിനാൽ നാട്ടിലെത്തിയാലും വീട്ടിൽ പോകാതെ തൃശൂരിലെയും എറണാകുളത്തെയും ഹോട്ടലുകളിലാണ് താമസിച്ചിരുന്നത്. എറണാകുളത്തെ ചില ഹോട്ടലുകളിൽ നടക്കുന്ന ഡി.ജെ പാർട്ടികളിൽ സക്കീർ ലഹരിമരുന്ന് എത്തിച്ചിരുന്നതായി സൂചനയുണ്ടെന്ന് ഇയാളെ അറസ്റ്റ് ചെയ്ത കോഴിക്കോട് എക്സൈസ് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ ആർ.എൻ.ബൈജു പറഞ്ഞു. ഇതുസംബന്ധിച്ച അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

.

Advertisement
Advertisement