കടൽപ്പായലിൽ നിന്ന് ഔഷധ നിർമാണം: സി.എം.എഫ്.ആർ.ഐ ഗവേഷകന് ദേശീയ പുരസ്കാരം

Sunday 18 July 2021 12:30 AM IST

കൊച്ചി: കടൽപ്പായലിൽ നിന്ന് പ്രമേഹമുൾപ്പെടെ വിവിധ ജീവിതശൈലീ രോഗങ്ങൾക്കുള്ള ഉത്പന്നങ്ങൾ വികസിപ്പിച്ചതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സി.എം.എഫ്.ആർ.ഐ) പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.കാജൽ ചക്രവർത്തിക്ക് ദേശീയ അംഗീകാരം. കാർഷിക കർഷകക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐ.സി.എ.ആർ) ഗവേഷണ രംഗത്ത് മികവ് തെളിയിച്ച ശാസ്ത്രജ്ഞർക്കുള്ള ഏറ്റവും ഉയർന്ന നോർമൻ ബോലോഗ് ദേശീയ പുരസ്കാരമാണിത്. അഞ്ച് വർഷത്തിലൊരിക്കലാണ് പുരസ്കാരം നൽകുന്നത്. 10 ലക്ഷം രൂപയാണ് സമ്മാനം. കൂടാതെ അനുയോജ്യമായ ഗവേഷണപദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് അഞ്ച് വർഷത്തേക്ക് ഒന്നരക്കോടി രൂപ ഗവേഷണ ഗ്രാന്റും ലഭിക്കും.

സന്ധിവേദന, ടൈപ്പ് 2 പ്രമേഹം, അമിതവണ്ണം, അമിതരക്തസമർദം, തൈറോയിഡ്, ഓസ്റ്റിയോ ആർത്രൈറ്റിസ് എന്നീ ജീവിതശൈലീ രോഗങ്ങൾക്ക് ഫലപ്രദമായ ന്യൂട്രാസ്യൂട്ടിക്കൽ ഉത്പന്നങ്ങളും കാജൽ ചക്രവർത്തി കടൽപ്പായലിൽ നിന്ന് വികസിപ്പിച്ചു. കൊവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ച ഇമ്യൂൺബൂസ്റ്ററാണ് ഏറ്റവും ഒടുവിലായി വികസിപ്പിച്ചത്.

കൂടാതെ ഐ.സി.എ.ആറിന്റെ 93-ാംമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്ത നാലു പുരസ്കാരങ്ങളും സി.എം.എഫ്.ആർ.ഐക്ക് ലഭിച്ചു. മികച്ച ഡോക്ടറൽ പ്രബന്ധത്തിന് നൽകുന്ന ജവഹർലാൽ നെഹ്റു പുരസ്‌കാരം സി.എം.എഫ്.ആർ.ഐയിൽ ഗവേഷക വിദ്യാർത്ഥിയായ ഡോ.ഫസീന മക്കാറിന് ലഭിച്ചു. കൂടാതെ ഔദ്യോഗിക ഭാഷാനയം മികവോടെ നടപ്പിലാക്കിയതിന് രാജർഷി ടാൻഡൻ രാജ്ഭാഷ പുരസ്‌കാരവും സി.എം.എഫ്.ആർ.ഐ നേടി. പതിനൊന്നാം തവണയാണ് സി.എം.എഫ്.ആർ.ഐക്ക് ഈ പുരസ്‌കാരം ലഭിക്കുന്നത്. മികച്ച ഹിന്ദി മാഗസിനുള്ള ഗണേഷ ശങ്കർ വിദ്യാർത്ഥി പുരസ്‌കാരത്തിന് സി.എം.എഫ്.ആർ.ഐയുടെ ഹിന്ദി മാഗസിനായ 'മത്സ്യഗന്ധ' അർഹമായി.

ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. യോജിച്ച ഗവേഷണ സംരംഭങ്ങളിലൂടെ കാർഷികമേഖലയെ ശക്തിപ്പെടുത്തുന്നത് രാജ്യത്തിന്റെ ഗ്രാമവികസനത്തിന് വലിയതോതിൽ ഗുണംചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രിമാരായ പശോത്തം രൂപാല, അശ്വിനി വൈഷ്ണവ്, കൈലാസ് ചൗധരി, ശോഭ കരന്ദ്‌ലജെ എന്നിവർക്കൊപ്പം കാർഷികമന്ത്രാലയത്തിലെയും ഐ.സി.ഐ.ആറിലെയും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

Advertisement
Advertisement