കുതിരാൻ തുരങ്കത്തിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ല, കൂടുതൽ ബലപ്പെടുത്തിയില്ലെങ്കിൽ ഉണ്ടാവുക വൻ ദുരന്തം: വെളിപ്പെടുത്തലുമായി മുൻ നിർമാണ കമ്പനി

Sunday 18 July 2021 11:11 AM IST

തൃശൂർ: കുതിരാൻ തുരങ്കത്തിൽ ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ ഇല്ലെന്ന് വെളിപ്പെടുത്തൽ. തുരങ്കത്തിന്റെ 95 ശതമാനം നിർമ്മാണവും പൂർത്തിയാക്കിയ പ്രഗതി കൺസ്ട്രക്ഷൻസിന്റേതാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. വെള്ളം ഒഴുകി പോകാനും മണ്ണിടിച്ചിൽ തടയാനും ആവശ്യമായ സംവിധാനം ഒരുക്കിയിട്ടില്ലെന്ന് പറയുന്ന കമ്പനി വക്താവ് വി ശിവാനന്ദൻ തുരങ്കത്തിന് മുകളിൽ കൂടുതൽ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയില്ലെങ്കിൽ വൻ ദുരന്തമായിരിക്കും ഉണ്ടാവുക എന്നും മുന്നറിയിപ്പ് നല്‍കി. ഇപ്പോൾ നിർമാണ ചുമതലയുള്ള കമ്പനിക്ക് ആവശ്യത്തിന് സാ ങ്കേതിക വൈദഗ്ധ്യമില്ലെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്തു.

തുരങ്കം തുറന്നുകൊടുക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് പ്രഗതി കമ്പനിയുടെ വെളിപ്പെടുത്തൽ. അടുത്തമാസം ഒന്നിന് തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് അധികൃതർ ഒരുങ്ങുന്നത്. തുരങ്കത്തിലെ ആദ്യത്തെ സുരക്ഷാ ട്രയൽ റൺ ഇന്നലെ വിജയകരമായി പൂർത്തിയാക്കിയിരുന്നു. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ രണ്ട് ദിവസത്തിന് ശേഷം വീണ്ടും ട്രയൽ റൺ നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകും. നിർമ്മാണ പ്രവർത്തങ്ങൾ വേഗത്തിലാക്കാൻ കരാർ കമ്പനിക്ക് ജില്ലാ കളക്ടര്‍ ഹരിത വി കുമാർ കഴിഞ്ഞദിവസം നിർദ്ദേശം നൽകിയിരുന്നു. തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിന്‍റെ പശ്ചാത്തതലത്തിലായിരുന്നു ഇത്.

പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി മുതൽ തൃശൂർ ജില്ലയിലെ മണ്ണുത്തി വരെയുള്ള റോഡ് വികസനപദ്ധതിയിലെ പ്രധാന നിർമ്മാണമാണു കുതിരാനിലെ തുരങ്കം. കുതിരാനിലെ വീതികുറഞ്ഞ കയറ്റത്തിനു പകരം, 945 മീറ്റർ നീളത്തിൽ മലതുരന്ന് ഇരട്ടത്തുരങ്കം നിർമ്മിക്കുകയെന്നാണ് പദ്ധതി. ഓരോ 300 മീറ്ററിന് ഇടയിലും ഇരു തുരങ്കങ്ങളെയും ബന്ധിപ്പിക്കുന്ന സ്ഥലങ്ങളുമുണ്ട്. തുരങ്കത്തിന് അകത്ത് അപകടങ്ങളോ മറ്റ് സാങ്കേതിക പ്രശ്നങ്ങളോ ഉണ്ടായലും ഗതാഗതം തടസപ്പെടാതിരിക്കാനായാണ് ഈ ക്രമീകരണം. അഴുക്കുചാലും കൈവരികൾ പിടിപ്പിച്ച നടപ്പാതയും സജ്ജമാക്കിയിട്ടുണ്ട്. അഗ്നിരക്ഷാ സംവിധാനവും വായു സമ്മർദ്ദം നിയന്ത്രിക്കാനുള്ള സൗകര്യങ്ങളുമുണ്ട്. പാലക്കാട് ഭാഗത്തെ ഇരുമ്പുപാലം മുതൽ തൃശൂർ ഭാഗത്തെ വഴുക്കുംപാറ വരെയുള്ള ഒരു കിലോമീറ്ററിൽ താഴെയുള്ള ദുരമാണ് തുരങ്കത്തിന്റെ ദൈർഘ്യം.

Advertisement
Advertisement