പ്ലസ് വൺ പ്രവേശനം: സി.ബി.എസ്.ഇക്കാരുടെ സംസ്ഥാന സിലബസിലേക്കുള്ള മാറ്റം കടുക്കും

Monday 19 July 2021 12:00 AM IST

തിരുവനന്തപുരം: സി.ബി.എസ്.ഇക്കാർക്ക് പ്ളസ് വണ്ണിന് സംസ്ഥാന സിലബസിലേക്ക് മാറുന്നത് കടുത്ത പരീക്ഷണമാകും. സി.ബി.എസ്.ഇക്ക് ഇക്കുറി പത്താം ക്ളാസിൽ പരീക്ഷയില്ലാത്തതിനാൽ എട്ട്, ഒൻപത് ക്ളാസുകളിലേതടക്കം മുൻ പരീക്ഷകളിൽ കിട്ടിയ മാർക്കാണ് മാനദണ്ഡമാക്കുക. എസ്.എസ്.എൽ.സിക്ക് 1,21,318 പേരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയത്. ഇവരിൽ തന്നെ എല്ലാവർക്കും ഇഷ്ടവിഷയം കിട്ടാൻ സാധ്യത കുറവാണ്. സി.ബി.എസ്.ഇക്ക് എല്ലാ വിഷയങ്ങൾക്കും എ വൺ നേടുന്നവർക്ക് മാത്രമേ സംസ്ഥാന സിലബസിൽ ഇഷ്ടവിഷയം കിട്ടുകയുള്ളൂ.

സി.ബി.എസ്.ഇ ഫലം പ്രഖ്യാപിച്ചിട്ടില്ല.

സംസ്ഥാനത്ത് 1.20,000 പേരാണ് സി.ബി.എസ്.ഇ സിലബസിൽ പഠിക്കുന്നത്. കഴിഞ്ഞവർഷം 39,000 സി.ബി.എസ്.ഇക്കാരും 3000 എെ.സി.എസ്.ഇക്കാരും സംസ്ഥാന സിലബസിൽ പ്ളസ് വണ്ണിന് പ്രവേശനം നേടിയിരുന്നു.ഇതുകാരണം

സി.ബി.എസ്.ഇക്ക് പതിനൊന്നാം ക്ളാസിൽ കുട്ടികളുടെ കുറവുണ്ടായി. ഇത് സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റുകൾക്ക് കനത്ത അടിയായി.

സി.ബി.എസ്.ഇ ഫലം വച്ച് താമസിപ്പിക്കുന്നത് മാനേജ്മെന്റുകളുടെ ഇംഗിതത്തിന് വഴങ്ങി സംസ്ഥാന സിലബസിലേക്കുള്ള ഒഴുക്ക് തടയാനാണെന്ന ആക്ഷേപമുണ്ട്. കഴിഞ്ഞ വർഷവും താമസിപ്പിച്ചാണ് ഫലം പ്രസിദ്ധീകരിച്ചത്. കുട്ടികൾ ഹൈക്കോടതിയെ സമീപിച്ച് സി.ബി.എസ്.ഇ ക്കാരെയും ഉൾപ്പെടുത്തി പ്ളസ് വണ്ണിന് ആദ്യ അലോട്ട്മെന്റ് നടത്താൻ ഉത്തരവ് നേടുകയായിരുന്നു.

സംസ്ഥാനത്തെ 70 എയ്ഡഡ് സ്കൂളുകളിൽ പ്ളസ് വണ്ണിന് അൺഎയ്ഡഡ് ബാച്ചുകളുണ്ട്. ഓരോ വർഷവും 20,000 ഫീസ് കൊടുത്തു പഠിക്കുന്ന ഈ ബാച്ചുകളിലേക്ക് സി.ബി.എസ്.ഇക്കാർ മുൻകൂട്ടി പ്രവേശനം നേടിക്കഴിഞ്ഞു. എൻജിനീയറിംഗ് പ്രവേശനത്തിന് പ്ളസ് ടുവിന്റെ മാർക്ക് കൂടി ചേർക്കുന്നതിനാൽ സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് മികച്ച റാങ്ക് കിട്ടുമെന്നതാണ് സംസ്ഥാന സിലബസിലേക്ക് തിരിയാൻ കുട്ടികളെ പ്രേരിപ്പിക്കുന്നത്.

Advertisement
Advertisement