മുത്തലാഖ് : യുവതിക്ക് ഭർതൃ വീട്ടിൽ താമസിക്കാൻ അനുമതി

Sunday 18 July 2021 11:49 PM IST

തൊടുപുഴ: മുത്തലാഖ് പരാതി നൽകിയ യുവതിക്ക് ഭർതൃവീട്ടിൽ തന്നെ താമസിക്കാൻ കോടതിയുടെ അനുമതി. ഭർത്താവ് ഇൻജക്ഷൻ ഓർഡർ സമ്പാദിച്ചതിനെ തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്ന അടിമാലി കൊന്നത്തടി സ്വദേശിയായ യുവതി തൊടുപുഴ സെഷൻസ് കോടതിയിൽ സമർപ്പിച്ച അപ്പീലിലാണ് അനുകൂല വിധിവന്നത്. മുത്തലാഖ് ചൊല്ലിയെന്നും തന്റെ സമ്മതമില്ലാതെ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്‌തെന്നും ആരോപിച്ച് 2019ലാണ് കൊന്നത്തടി സ്വദേശിയായ ഖദീജ, ഭർത്താവ് പരീതിനെതിരെ പരാതി നൽകിയത്. മുത്തലാഖ് നിരോധന നിയമം വന്നതിന് ശേഷം ജില്ലയിലെ ആദ്യത്തെ കേസായിരുന്നു അത്. അടിമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് പരിഗണിച്ചത്. പൊലീസ് സംരക്ഷണയിൽ വീട്ടിൽ പ്രവേശിക്കുന്നതിനും താമസിക്കുന്നതിനും അന്ന് കോടതി ഖദീജയെ അനുവദിച്ചു. എന്നാൽ, പിന്നീട് പരീത് ഇടുക്കി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ച് ഇൻജക്ഷൻ ഓർഡർ സമ്പാദിക്കുകയായിരുന്നു. ഖദീജയോട് വാടക വീട്ടിലേക്ക് മാറാനും ഉത്തരവിൽ പറഞ്ഞിരുന്നു. ഭർത്താവ്, വീട് നിൽക്കുന്ന സ്ഥലം പ്രായമായ മാതാവിന് ഇഷ്ടദാനം നൽകിയാണ് ഉത്തരവ് സമ്പാദിച്ചതെന്നും അപ്പീൽ കാലാവധി നിലനിൽക്കുമ്പോൾ തന്നെ പൊലീസിന്റെ സഹായത്തോടെ തന്നെ ഇറക്കി വിട്ടെന്നും ആരോപിച്ച് ഖദീജ അടിമാലി കോടതിയെ സമീപിച്ചു. എന്നാൽ, വിധി അനുകൂലമായിരുന്നില്ല. തുടർന്ന് തൊടുപുഴ സെഷൻസ് കോടതിയിൽ പോവുകയും അനുകൂലവിധി നേടുകയുമായിരുന്നു. ഖദീജയ്ക്ക് വേണ്ടി അഭിഭാഷകരായ സി.കെ. വിദ്യാസാഗർ, എം. ഹല്ലാജ്, മാത്യു എം. ഡിസൂസ എന്നിവർ ഹാജരായി. മുത്തലാഖ് കേസ് അടിമാലി മജിസ്‌ട്രേറ്റ് കോടതിയിൽ നടക്കും. 1990 നവംബർ 28നാണ് ഇവർ വിവാഹിതരായത്.

Advertisement
Advertisement