കുറ്റ്യാടി ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ടു ; രണ്ട് എ.സി അംഗങ്ങളെ ഒഴിവാക്കി

Sunday 18 July 2021 11:53 PM IST

കോഴിക്കോട്: നിയമസഭാതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിനിർണയത്തെ ചൊല്ലി കുറ്റ്യാടിയിൽ പാർട്ടി പ്രവ‌ർത്തകർ തെരുവിലിറങ്ങി പ്രതിഷേധിച്ച സംഭവത്തിൽ സി.പി.എം നേതൃത്വത്തിന്റെ കടുത്ത നടപടി താഴേത്തട്ടിലേക്കുമെത്തി. കുറ്റ്യാടി ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ട് അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. കുന്നുമ്മൽ ഏരിയാകമ്മിറ്റിയിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെ.പി. ചന്ദ്രി, ടി.കെ. മോഹൻദാസ് എന്നിവരെ ഒഴിവാക്കി. ഇനിയും കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാവുമെന്നാണ് സൂചന. കുറ്റ്യാടിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കെ.പി. കുഞ്ഞമ്മദ്കുട്ടിയെ നേരത്തെ ജില്ല സെക്രട്ടേറിയറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. പാർട്ടി ജില്ലാ നേതൃത്വം ചുരുങ്ങിയത് അയ്യായിരം വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ച കുറ്റ്യാടി പഞ്ചായത്തിൽ 42 വോട്ട് മാത്രമാണ് ഭൂരിപക്ഷം ലഭിച്ചത്. ഈ വോട്ടുചോർച്ചയും സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും ചർച്ചയായിരുന്നു. കെ.പി. കുഞ്ഞമ്മദ്കുട്ടിയ്ക്കായി പ്രതിഷേധ പ്രകടനം നടത്തിയവർ തന്നെ അദ്ദേഹത്തെ തോല്പിക്കാൻ ശ്രമിച്ചതായാണ് പാർട്ടിയുടെ വിലയിരുത്തൽ. തോൽവി സംഭവിച്ചാൽ ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടായി ഉയർത്തിക്കാണിക്കുകയായിരുന്നു പരസ്യപ്രതിഷേധത്തിന് മുന്നിൽ നിന്നവരുടെ ലക്ഷ്യമെന്നും കരുതുന്നു.
കുറ്റ്യാടി സീറ്റ് ആദ്യഘട്ടത്തിൽ കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകിയതിനെതിരെയാണ് 'പാർട്ടിയെ ജനങ്ങൾ തിരുത്തും" എന്ന മുദ്രാവാക്യമുയ‌ർത്തി നൂറു കണക്കിന് പാർട്ടി പ്രവർത്തകർ അണിനിരന്ന പ്രതിഷേധ പ്രകടനം നടന്നത്. കെ.പി.കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർത്ഥിയാക്കണമെന്ന് പ്രതിഷേധക്കാർ പരസ്യമായി ആവശ്യവുമുയർത്തിയിരുന്നു. സി.പി.എംജില്ലാ സെക്രട്ടറി എം. മോഹനനെയും മുൻ എം.എൽ.എ കൂടിയായ ഭാര്യ കെ.കെ. ലതികയെയും അധിക്ഷേപിക്കുന്ന മുദ്രാവാക്യങ്ങളുമുയ‌ർന്നിരുന്നു പ്രകടനത്തിൽ. ഈ സംഭവത്തോടെ കേരള കോൺഗ്രസ് തങ്ങളുടെ സ്ഥാനാർത്ഥി മുഹമ്മദ് ഇക്ബാലിനെ പിൻവലിച്ച് സീറ്റ് സി.പി.എമ്മിന് തിരിച്ചുകൊടുക്കുകയാണുണ്ടായത്. തുടർന്ന് കെ.പി. കുഞ്ഞമ്മദ്കുട്ടി തന്നെ സ്ഥാനാർത്ഥിയായി. സിറ്റിംഗ് എം.എൽ.എ മുസ്ലിം ലീഗിലെ പാറക്കൽ അബ്ദുള്ളയെ തോല്പിച്ചാണ് സി.പി.എം കുറ്റ്യാടി വീണ്ടെടുത്തത്. വെറും 333 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം.

Advertisement
Advertisement