പ്രോട്ടോക്കോൾ ലംഘിച്ചാൽ കടകൾ അടച്ചുപൂട്ടിക്കും

Monday 19 July 2021 12:02 AM IST

കോഴിക്കോട്: ബക്രീദിനോടനുബന്ധിച്ച് കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ സിറ്റി പൊലീസ് പരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ വ്യാപാര സ്ഥാപനങ്ങളും കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചിരിക്കണമെന്ന് സിറ്റി പൊലീസ് ചീഫിന്റെ മുന്നറിയിപ്പ്. നിയന്ത്രണങ്ങൾ പാലിക്കാത്ത വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതടക്കമുള്ള ശക്തമായ നടപടി സ്വീകരിക്കും.

എല്ലാ കടകളും അവയുടെ വലിപ്പത്തിനനുസൃതമായി സാമൂഹിക അകലം ഉറപ്പാക്കി മാത്രമേ ആളുകളെ പ്രവേശിപ്പിക്കുവാൻ പാടുള്ളൂ. തിരക്ക് നിയന്ത്രിക്കുന്നതിനായി ടോക്കൺ സംവിധാനവും ഏർപ്പെടുത്തണം. കടകളിൽ ആളുകൾ കൂട്ടമായി എത്തുന്ന വേളയിൽ പരിമിതമായ ആളുകളെ പ്രവേശിപ്പിച്ചിശേഷം ഷട്ടർ പകുതി താഴ്ത്തി വെക്കണം. ഉള്ളിലുള്ള ആളുകൾ പുറത്തിറങ്ങുന്ന മുറയ്ക്ക് മാത്രമേ അടുത്തയാളുകളെ പ്രവേശിപ്പിക്കുവാനും പാടുള്ളു. പത്തു വയസിന് താഴെയുള്ള കുട്ടികളും മുതിർന്ന പൗരൻമാരും പൊതുസ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും പ്രവേശിക്കുന്നത് ഒഴിവാക്കിയിരിക്കണം. കുട്ടികളെയും മുതർന്ന പൗരൻമാരെയും കൊണ്ടുവരുന്ന വാഹനങ്ങൾ പിടിച്ചെടുക്കും.

മാസ്‌ക് ധരിക്കാത്തതിന് 223 കേസുകളും സാമൂഹിക അകലം പാലിക്കാത്തതിന് 279 കേസുകളും ഉൾപ്പെടെ കൊവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾക്ക് 806 കേസുകൾ ഇന്നലെ രജിസ്റ്റർ ചെയ്തു. കോഴിക്കോട് സിറ്റി പരിധിയിൽ അനാവശ്യ യാത്ര നടത്തിയ 307 വാഹനങ്ങളും പിടിച്ചെടുത്ത‌ു. എസ്.എം സ്ട്രീറ്റിലും മറ്റുമായി സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തിയ 169 കടകൾ അടപ്പിച്ചു. പത്തു വയസ്സിൽ താഴെ ഉള്ള കുട്ടികളുമായി വന്നിട്ടുള്ള 18 രക്ഷിതാക്കൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു. എസ്.എം സ്ട്രീറ്റിൽ ഇന്ന് മുതൽ വഴിയോരക്കച്ചവടം അനുവദിക്കില്ലെന്നും സിറ്റി പൊലീസ് ചീഫ് അറിയിച്ചു.

Advertisement
Advertisement