തുഷാർ വെള്ളാപ്പള്ളി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറെ സന്ദർശിച്ചു, കേരളത്തിൽ കൂടുതൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ തുടങ്ങുമെന്ന് ഉറപ്പുലഭിച്ചു
ന്യൂഡൽഹി: തൊഴിൽ പരിശീലനത്തിനായി കേരളത്തിൽ കൂടുതൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ തുടങ്ങുമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ഐ.ടി നൈപുണ്യ വികസന സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഉറപ്പു നൽകിയതായി ബി.ഡി.ജെ.എസ് അദ്ധ്യക്ഷനും എൻ.ഡി.എ കേരള കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഡൽഹിയിൽ കേന്ദ്രമന്ത്രിയുടെ വസതിയിൽ അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു തുഷാർ വെള്ളാപ്പള്ളി.
എല്ലാ കുടുംബങ്ങളിലെയും അർഹരായവർക്ക് തൊഴിൽ നേടാനുള്ള കഴിവ് (സ്‌കിൽ) ലഭ്യമാക്കി സ്‌കിൽഡ് ലേബർ എന്ന വിഭാഗത്തിലേക്ക് വിവിധ പദ്ധതി മുഖേന തൊഴിൽ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞതായും തുഷാർ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ നൈപുണ്യ പരിശീലന പദ്ധതിയിൽ ഇതുവരെ പങ്കെടുക്കാത്തവർക്കേ ഇതിന്റെ ഭാഗമാകാനാകൂ. വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളെ കണ്ടെത്തി ഇവർക്ക് പരിശീലന ഏജൻസികളിലൂടെ പരിശീലനം നൽകും. കൊവിഡ് പ്രതിസന്ധി കഴിഞ്ഞശേഷം നൈപുണ്യപരിശീലന കേന്ദ്രങ്ങൾ തുറക്കാനാകുന്ന മുറയ്ക്ക് കേരളത്തിൽ പദ്ധതി നടപ്പിലാക്കും. ഐ.ടി രംഗത്ത് കേരളത്തിൽ കൂടുതൽ സാദ്ധ്യതകൾ ഉണ്ട്. സംസ്ഥാനത്തെ ഐ.ടി ഹബായി മാറ്റാൻ കേന്ദ്രം എല്ലാ സഹായവും നൽകും. സ്‌കിൽഡ് ലേബറേഴ്‌സിനെ പരിശീലിപ്പിക്കാനുള്ള ഒരു കേന്ദ്രം കേരളത്തിൽ ആരംഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും.
തൊഴിൽ പരിപോഷിപ്പിക്കാൻ ഒരു നൈപുണ്യ കേന്ദ്രം തുടങ്ങും. അതുവഴി ധാരാളം തൊഴിൽ സാദ്ധ്യതകൾ രൂപീകരിക്കാനും തൊഴിലില്ലായ്മ പ്രശ്‌നത്തിന് പരിഹാരം കാണാനുമാകും.
ഇത്തരം പരിശീലനം ലഭിക്കുന്ന യുവതീ യുവാക്കൾക്ക് വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ ധാരാളം തൊഴിൽ സാദ്ധ്യതകളുണ്ടാവും. കേരളം മാറുന്ന കാലം വിദൂരമല്ല. കേരളത്തിലെ ഐ.ടി, നൈപുണ്യ വികസനം എന്നീ രംഗങ്ങളിൽ മന്ത്രിയിൽ നിന്ന് മികച്ച പ്രതികരണമുണ്ടായതായും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. തുഷാറിന്റെ ഭാര്യ ആശാ തുഷാർ, മകൻ ദേവ് തുഷാർ വെള്ളാപ്പള്ളി എന്നിവരും ഒപ്പമുണ്ടായിരുന്നു.