പിന്നാക്ക വികസന വകുപ്പ് മേഖലാ ഓഫീസ് വൈ.എം.സി.എയിൽ

Monday 19 July 2021 12:00 AM IST

കൊല്ലം: പാട്ടക്കുടിശികയെ തുടർന്ന് സർക്കാർ പിടിച്ചെടുത്ത ചിന്നക്കടയിലെ വൈ.എം.സി.എ ഭൂമിയിൽ പിന്നാക്ക വികസന വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിന് കളക്ടർ സ്ഥലം അനുവദിച്ചു. വൈ.എം.സി.എ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ ഹാജരായ ഗവ. പ്ലീഡറുടെ നിയമോപദേശം ലഭിച്ചശേഷമാകും പിന്നാക്കവികസന ഓഫീസ് ഇവിടെ പ്രവർത്തനമാരംഭിക്കുക. മാസങ്ങൾക്ക് മുമ്പ് കൊല്ലം ജില്ലയിൽ അനുവദിച്ച മേഖലാഓഫീസിന് സ്ഥലം ലഭ്യമാക്കാത്തത് ചൂണ്ടിക്കാട്ടി കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് കളക്ടറുടെ നടപടി.

ഇക്കഴിഞ്ഞ ഫെബ്രുവരി 19നാണ് പാലക്കാട്, കൊല്ലം എന്നിവിടങ്ങളിൽ പിന്നാക്കവിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകൾ അനുവദിച്ച് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയത്. 2011ൽ ആരംഭിച്ച വകുപ്പിന് നിലവിൽ തിരുവനന്തപുരത്ത് ഹെഡ് ഓഫീസും എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ മേഖലാഓഫീസും മാത്രമേയുള്ളൂ. ഹെഡ് ഓഫീസിൽ ഭരണമേൽനോട്ടം മാത്രമാണ് നടക്കുന്നത്. വിവിധ പദ്ധതികൾക്കായുള്ള അപേക്ഷ സ്വീകരിക്കുന്നതും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതും മേഖലാ ഓഫീസുകളിലാണ്. അതുകൊണ്ടുതന്നെ തിരുവനന്തപുരം ഉൾപ്പടെയുള്ള 7 തെക്കൻ ജില്ലകളിലുള്ളവർ അപേക്ഷനൽകാനും തുടർനടപടികൾക്കും എറണാകുളത്തേയ്ക്ക് പോകേണ്ട സ്ഥിതിയാണ്. ഇക്കാരണത്താൽ പലരും വകുപ്പിന്റെ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാൻ മടിക്കുന്ന അവസ്ഥയുമുണ്ട്. ഉള്ള ഓഫീസുകളിൽ ജോലിഭാരവും കൂടുതലാണ്. ഈ സാഹചര്യത്തിലാണ് പുതിയ മേഖലാ ഓഫീസുകൾ ആരംഭിക്കാൻ തീരുമാനിച്ചത്.

3 ജില്ലകൾക്കായി കൊല്ലം മേഖലാ ഓഫീസ്

തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട ജില്ലകൾക്കായാണ് കൊല്ലം മേഖലാ ഓഫീസ് അനുവദിച്ചത്. ‌ഡെപ്യൂട്ടി ഡയറക്ടർ, ജൂനിയർ സൂപ്രണ്ട്, ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ് എന്നിവരുടെ ഓരോതസ്തിക വീതമാണ് അനുവദിച്ചിരിക്കുന്നത്. ഓഫീസിന് കളക്ടറേറ്റിൽ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് ഡയറക്ടർ കളക്ടർക്ക് കത്ത് നൽകിയെങ്കിലും സ്ഥലംഒഴിവില്ലെന്ന മറുപടിയാണ് നൽകിയത്. മറ്റുസർക്കാർ കെട്ടിടങ്ങളിൽ സ്ഥലംകണ്ടെത്തി നൽകാനും തയ്യാറായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെ ഒ.ബി.സി ഡിപ്പാർട്ട്മെന്റ് കമ്മിറ്റി ജില്ലാ ചെയർമാൻ അഡ്വ. എസ്. ഷേണാജി ഇക്കാര്യം ആവശ്യപ്പെട്ട് കളക്ടർക്ക് നിവേദനം നൽകിയിരുന്നു. ഇതോടെ കളക്ടർ പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യുട്ടീവ് എൻജിനയറെ ഓഫീസ് കണ്ടെത്താനായി ചുമതലപ്പെടുത്തി. ഇതിനിടയിൽ വൈ.എം.സി.എ ഒഴിപ്പിച്ചതോടെയാണ് അവിടെ സ്ഥലം അനുവദിക്കാൻ തീരുമാനിച്ചത്.

വൈ.എം.സി.എയിൽ സ്ഥലം അനുവദിച്ച മറ്റ് ഒാഫീസുകൾ

1. താലൂക്ക് സപ്ലൈ ഓഫീസ്

2. ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി ഓഫീസ്

3. പട്ടികജാതി ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്

പിന്നാക്ക വികസന വകുപ്പിന് കൊല്ലത്ത് മേഖലാഓഫീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാലങ്ങളായി സമരം നടത്തുകയായിരുന്നു. ഓഫീസ് അനുവദിച്ച് കഴിഞ്ഞപ്പോൾ പ്രവർത്തിക്കാൻ സ്ഥലമില്ലാത്ത അവസ്ഥ വന്നു. ഇപ്പോൾ നഗരഹൃദയത്തിൽ തന്നെ ഓഫീസ് വരുന്നതോടെ ആയിരക്കണക്കിന് പേർക്കാണ് പ്രയോജനം ലഭിക്കുന്നത്. കാലങ്ങളായുള്ള ആവശ്യമാണ് സഫലമായത്.

അഡ്വ. എസ്. ഷേണാജി (കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് കമ്മിറ്റി ജില്ലാ ചെയർമാൻ)

Advertisement
Advertisement