ശബരിമല മേൽശാന്തി നിയമനം: ശിവഗിരി മഠം സർട്ടിഫിക്കറ്റിനെയും അവഹേളിച്ച് ദേവസ്വം ബോർഡ്

Monday 19 July 2021 3:12 AM IST

കൊച്ചി: ഭരണഘടനാ വിരുദ്ധമായ ജാതിവ്യവസ്ഥകൾ എഴുതിച്ചേർത്ത് ശബരിമല മേൽശാന്തി നിയമനം നടത്തുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ്, പരിപാവനമായ ശിവഗിരി മഠത്തിന്റെ സർട്ടിഫിക്കറ്റിനെയും അവഹേളിച്ചു. ബ്രാഹ്മണനല്ലെന്ന പേരിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തി​രസ്കരി​ക്കുന്ന അപേക്ഷകളി​ൽ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പരിചയ സർട്ടിഫിക്കറ്റ് നൽകിയ ടി​.എൽ.സിജിത്തിന്റേതുമുണ്ട്.

ശ്രീനാരായണ ഗുരുദേവൻ ദീപപ്രതിഷ്ഠ നിർവഹിച്ച ശി​വഗി​രി​മഠത്തി​നു കീഴി​ലെ കാരമുക്ക് ചിദംബര ക്ഷേത്രത്തിലെ മേൽശാന്തിയാണ് ഇദ്ദേഹം. ശാന്തി​ നിയമനങ്ങൾക്ക് പരി​ചയപത്രം നൽകാൻ ദേവസ്വം ബോർഡ് അംഗീകരി​ച്ച സ്ഥാപനം കൂടി​യാണ് ശി​വഗി​രി​മഠം. സിജിത്ത് ഉൾപ്പടെ ഏഴ് അബ്രാഹ്മണരാണ് ശബരിമല, മാളികപ്പുറം മേൽശാന്തി തസ്തികകളിലേക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.

തിരുവിതാംകൂർ ദേവസ്വം ബോർഡും എതി​ർകക്ഷിയായ കേസി​ൽ ശാന്തി നിയമനത്തിൽ ജാതിവിവേചനം പാടില്ലെന്ന് 2002ൽ സുപ്രീംകോടതി വിധിയുണ്ട്. അന്ന് ജാതി​വി​വേചനത്തിനെതിരെ സുപ്രീംകോടതി​യി​ൽ വാദി​ച്ച ദേവസ്വം ബോർഡാണ് ഇപ്പോൾ കടകവി​രുദ്ധമായ നി​ലപാടെടുക്കുന്നത്. ദേവസ്വങ്ങളിലെ നിയമനങ്ങളിൽ ജാതിപരിഗണന പാടില്ലെന്ന് കേരള സർക്കാരും 2014ൽ ഉത്തരവിറക്കിയിട്ടുണ്ട്. കേരള ദേവസ്വം റി​ക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന നി​യമനങ്ങളി​ൽ ജാതി​ ഒരു വ്യവസ്ഥയല്ല. എന്നിട്ടും ഒരു വർഷത്തെ താത്കാലിക നി​യമനമെന്ന പേരി​ൽ ഈ സമ്പ്രദായം മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു.

ഇതേ വി​ഷയത്തി​ൽ 2017ൽ കോട്ടയം പള്ളം സുബ്രഹ്മണ്യസ്വാമി​ ക്ഷേത്രം മേൽശാന്തി​ വി​ഷ്ണുനാരായണൻ നൽകി​യ കേസി​ൽ മലയാള ബ്രാഹ്മണൻ ജാതി​യല്ല, വർഗമാണെന്ന വി​ചി​ത്രമായ വാദമാണ് ദേവസ്വം ബോർഡ് ഉയർത്തി​യത്. മലയാള ബ്രാഹ്മണനെന്ന പേരി​ൽ സർക്കാർ അംഗീകൃതമായ ജാതി​വി​ഭാഗവും കേരളത്തി​ലി​ല്ല. ദേവസ്വം ബോർഡി​ന്റെ അനാചാരത്തിന് ഇടതു സർക്കാരും മൗനാനുവാദം നൽകുകയാണ്.

കേരളത്തി​ന്

അപമാനം

വി​ദ്യ പഠി​ച്ചവനെ അംഗീകരി​ക്കണം. ദേവസ്വം ബോർഡ് നി​ലപാട് സാക്ഷര കേരളത്തി​ന് അപമാനമാണ്. ഗുരുദേവന്റെ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ജനസമൂഹത്തി​ന് ഇതംഗീകരി​ക്കാനാവി​ല്ല.

-സ്വാമി​ സാന്ദ്രാനന്ദ

ജനറൽ സെക്രട്ടറി​

ശി​വഗി​രി​ ധർമ്മസംഘം ട്രസ്റ്റ്

നി​യമവശങ്ങൾ

പരി​ശോധി​ക്കും

ഹൈക്കോടതി​ അംഗീകരിച്ച മാനദണ്ഡമനുസരി​ച്ചുള്ള നി​യമനരീതി​യാണ് വർഷങ്ങളായി​ നടക്കുന്നത്. നി​യമപരമായ എല്ലാ വശങ്ങളും പരി​ഗണി​ച്ച് വി​വി​ധ തലങ്ങളി​ൽ ചർച്ച നടത്തി ബോർഡ് ഉചി​തമായ തീരുമാനമെടുക്കും.

-എൻ.വാസു, പ്രസി​ഡന്റ്

തി​രുവി​താംകൂർ ദേവസ്വം ബോർഡ്

സർക്കാർ

ഇടപെടണം

യോഗ്യരായ അനവധി പേരെ പുറത്തു നിറുത്തിയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ അന്യായം തുടരുന്നത്. ഇതവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം.

-വൈക്കം ബെന്നി ശാന്തി,

പ്രസിഡന്റ്,

ശ്രീനാരായണ വൈദിക യോഗം

അബ്രാഹ്മണ

അപേക്ഷകർ

സി​.വി​.വി​ഷ്ണുനാരായണൻ, ടി​.എൽ.സിജിത്ത്, പി​​.ആർ.വി​ജീഷ്, എം.വി​ജു, സി​.എ.ഷാജി​മോൻ, എം.ആർ.രജീഷ് കുമാർ, എം.എം.രജീഷ്.

Advertisement
Advertisement