റേഷൻ സാധനങ്ങൾ ഇനി ആദിവാസി ഉൗരുകളിൽ

Monday 19 July 2021 10:20 PM IST

റാന്നി: ജനങ്ങളെ ചൂഷണം ചെയ്യാതെ അർഹതപ്പെട്ടവർക്ക് മുന്നിൽ റേഷൻ വിഹിതം എത്തണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ അനിൽ പറഞ്ഞു. അടിച്ചിപ്പുഴ സാംസ്‌കാരിക നിലയത്തിൽ ആദിവാസി ഊരുകളിലേക്ക് റേഷൻ വാതിൽപ്പടി വിതരണത്തിന് ആരംഭിച്ച സഞ്ചരിക്കുന്ന പൊതുവിതരണ വാഹനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നുമന്ത്രി.
അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ, ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ, മുൻ എം.എൽ.എ രാജു എബ്രഹാം, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ ജോയ്, ജില്ലാ പഞ്ചായത്ത് മെമ്പർ ജെസി അലക്‌സ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗ്രേസി തോമസ്, വാർഡ് മെമ്പർ ടി.സി അനിയൻ, ജില്ലാ സപ്ലൈ ഓഫീസർ സി.വി മോഹൻ കുമാർ, സിപിഐ ജില്ലാ സെക്രട്ടറി എ.പി ജയൻ, സി.പി.എം ഏരിയ സെക്രട്ടറി പി.ആർ പ്രസാദ്, സിപിഐ സ്റ്റേറ്റ് കൗൺസിൽ അംഗം എം.വി വിദ്യാധരൻ, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സമദ് മേപ്രത്ത്, കേരളാ കോൺഗ്രസ് (എം ) മണ്ഡലം പ്രസിഡന്റ് ആലിച്ചൻ ആറൊന്നിൽ, സനോജ് മേമന, എൽ.ജെ.ഡി വർക്കിംഗ് പ്രസിഡന്റ് റെജി കൈതവന തുടങ്ങിയവർ പങ്കെടുത്തു.

മാസത്തിൽ രണ്ട് തവണ റേഷൻ വീട്ടിൽ

റാന്നി താലൂക്കിലെ വേലംപ്ലാവ്, ഒളികല്ല്, ചാലക്കയം, ളാഹ, പമ്പ, പ്ലാപ്പളളി, അടിച്ചിപ്പുഴ, കരിക്കുളം, ചൊളളനാവയൽ, കുറുമ്പന്മൂഴി, മഞ്ഞക്കയം എന്നീ ആദിവാസി സെറ്റിൽമെന്റ് കോളനികളിലും, കോന്നി താലൂക്കിലെ കാട്ടാമ്പാറ, കാട്ടാത്തിപ്പാറ, മൂഴിയാർ സായിപ്പൻകുഴി എന്നീ സെറ്റിൽമെന്റ് കോളനികളിലുമാണ് മാസത്തിൽ രണ്ട് തവണ റേഷൻ സാധനങ്ങൾ വാഹനത്തിൽ ഊരുകളിൽ നേരിട്ട് എത്തിക്കുന്നതിന് സ്ഥിരം പദ്ധതിയായി നടപ്പിലാക്കുന്നത്. അതാത് മാസത്തെ റേഷൻ വിതരണം വകുപ്പ് ആരംഭിക്കുമ്പോൾ തന്നെ നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ ആദിവാസി സെറ്റിൽമെന്റ് കോളനികളിലെ മുൻ നിശ്ചയിച്ച സ്ഥലങ്ങളിൽ സഞ്ചരിക്കുന്ന പൊതുവിതരണ വാഹനം എത്തുകയും ഇത്തരം കുടുംബങ്ങൾക്ക് റേഷൻ ഷോപ്പുകളിൽ നേരിട്ട് എത്തി റേഷൻ വാങ്ങുന്നതിന് പകരം വാഹനത്തിലൂടെ റേഷൻ കൈപ്പറ്റാവുന്നതുമാണ്.

Advertisement
Advertisement