ശബരിമല മേൽശാന്തി നിയമനം: മലയാള ബ്രാഹ്മണ്യം ശുദ്ധതട്ടിപ്പ്

Tuesday 20 July 2021 12:33 AM IST

കൊച്ചി: ശബരിമല മേൽശാന്തി സ്ഥാനത്തേക്ക് മലയാള ബ്രാഹ്മണരെ മാത്രമേ നിയമിക്കൂവെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വാദം ശുദ്ധതട്ടിപ്പെന്ന് വ്യക്തമായി. നിലവിലെ ശബരിമല മേൽശാന്തി വി.കെ.ജയരാജ് പോറ്റി തുളു പാരമ്പര്യത്തിൽപ്പെട്ടയാളാണ്.

ശിവഗിരി മഠത്തിന്റെ പരിചയ സർട്ടിഫിക്കറ്റ് ലഭിച്ച, ഉന്നതവിദ്യാഭ്യാസം നേടിയവരെപ്പോലും ജാതിയുടെ പേരിൽ പുറത്താക്കുമ്പോഴാണ് ബോർഡിന്റെ ഇരട്ടത്താപ്പ്. തൃശൂർ പൂപ്പത്തി വാരിക്കാട്ട് മഠത്തിൽ പരേതനായ കൃഷ്ണൻ എമ്പ്രാന്തിരിയുടെ മകനാണ് ജയരാജ് പോറ്റി. കർണാടകയി​ൽ നി​ന്ന് വന്ന തുളു വംശജരാണ് എമ്പ്രാന്തിരിമാർ. സമാന വ്യവസ്ഥയുള്ള മാളികപ്പുറം മേൽശാന്തി പദവിയും 2005-06ൽ ഇദ്ദേഹം വഹിച്ചു. ദേവസ്വം വിജിലൻസ് വിഭാഗം അന്വേഷി​ച്ച് ക്ളിയറൻസ് നൽകിയാലേ ശബരിമല, മാളികപ്പുറം മേൽശാന്തി ഇന്റർവ്യൂവിന് അപേക്ഷകരെ പരിഗണിക്കാറുള്ളൂ. മുമ്പും തുളു പശ്ചാത്തലമുള്ള പോറ്റി​മാരെ മേൽശാന്തിമാരായി പരി​ഗണി​ച്ചി​ട്ടുണ്ട്. അവർണ സമുദായാംഗമായ കാരുമാത്ര വിജയൻ തന്ത്രി പ്രതിഷ്ഠ നിർവഹിച്ച തൃശൂർ ജില്ലയിലെ ആളൂർ താഴേക്കാട് നാരായണത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ മേൽശാന്തിയായിരിക്കെയാണ് ജയരാജ് പോറ്റി ശബരിമല മേൽശാന്തിയാകുന്നത്. എസ്.എൻ.ഡി.പി യോഗം ചാലക്കുടി യൂണിയൻ പ്രസിഡന്റ് ദിനേശ്ബാബുവാണ് ക്ഷേത്രത്തിന്റെ സെക്രട്ടറി.

 'മലയാളബ്രാഹ്മണൻ" വന്നത് 2002ൽ മാത്രം

ശബരിമല മേൽശാന്തി പദവിയിൽ മലയാള ബ്രാഹ്മണനെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയത് 2002ൽ മാത്രം. ഈഴവ സമുദായാംഗവും പ്രശസ്ത തന്ത്രിയുമായ പരേതനായ മാത്താനം വിജയൻ തന്ത്രി 1979ൽ ശബരി​മല മേൽശാന്തി​ ഇന്റർവ്യൂവിൽ പങ്കെടുത്തിട്ടുണ്ട്.

മേൽശാന്തി​ തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗത്വവുമായി ബന്ധപ്പെട്ട് പന്തളം രാജകുടുംബം കേസുമായെത്തിയപ്പോൾ ഹൈക്കോടതി​യാണ് മേൽശാന്തി നിയമനത്തിന് മാനദണ്ഡങ്ങൾ നിർദേശിക്കാൻ ഉത്തരവായത്. കേസിൽ ജാതി വിഷയമായിരുന്നില്ലെങ്കിലും, ഇതിന്റെ മറവിൽ മലയാള ബ്രാഹ്മണൻ വ്യവസ്ഥ ബോർഡിലെ വിരുതന്മാർ ഒന്നാമത്തെ മാനദണ്ഡമാക്കി. 18 മാനദണ്ഡങ്ങളുടെ ഈ പട്ടി​ക 2002 ജൂലായ് 27ന് ഹൈക്കോടതിയി​ൽ സമർപ്പിക്കുന്നതി​ന് മുമ്പോ ശേഷമോ ദേവസ്വത്തിന്റെ ഒരു ചട്ടത്തിലും ഒരു നിയമനത്തിനും ജാതിവ്യവസ്ഥ രേഖപ്പെടുത്തിയിട്ടില്ല. ശാന്തിനിയമനത്തിൽ ജാതി പരിഗണന പാടില്ലെന്ന് ആദിത്യൻ കേസിൽ 2002 ഒക്ടോബർ മൂന്നി​ന് സുപ്രീംകോടതി വിധിച്ചതോടെ, ഈ മാനദണ്ഡം കാലഹരണപ്പെട്ടു. എങ്കിലും അത് അംഗീകരിക്കാൻ ബോർഡ് തയ്യാറല്ലെന്നതാണ് പ്രശ്നം.

Advertisement
Advertisement