കട ബാദ്ധ്യത: ബേക്കറിയുടമ കടയിൽ തൂങ്ങി മരിച്ചു

Monday 19 July 2021 11:16 PM IST

അടിമാലി: കൊവിഡ് പ്രതിസന്ധി മൂലമുണ്ടായ കടബാദ്ധ്യതയെ തുടർന്ന് ബേക്കറിയുടമ കടയിൽ തൂങ്ങി മരിച്ചു. അടിമാലി ഇരുമ്പുപാലത്ത് ബേക്കറിയും ടീ സ്റ്റാളും നടത്തിയിരുന്ന ഒഴുവത്തടം പുലരിമലയിൽ വിനാേദാണ് (55) മരിച്ചത്. ഇന്നലെ പുലർച്ചെ കടയിലെത്തിയ വിനോദ് ആറ് മണിയായിട്ടും ഷട്ടർ ഉയർത്തിയില്ല. സമീപത്തുള്ളവർ കടയിൽ നോക്കിയപ്പോൾ വാഴക്കുല തൂക്കിയിടുന്ന പൈപ്പിൽ ഉടുമുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

പത്ത് വർഷത്തിലധികമായി ബേക്കറി നടത്തുന്ന വിനോദിന് 20 ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാദ്ധ്യതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ഭൂമിയ്ക്ക് പട്ടയമില്ലാത്തതിനാൽ ബാങ്ക് വായ്പ ലഭിച്ചില്ല. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നായിരുന്നു വായ്പ. നല്ല രീതിയിൽ കച്ചവടം നടന്നിരുന്ന സ്ഥാപനമായിരുന്നതിനാൽ കൃത്യമായി വായ്പ അടച്ചിരുന്നു.

അടിമാലി പഞ്ചായത്തിൽ ആഴ്ചയിൽ ഒരു ദിവസമാണ് കടകൾ തുറക്കുന്നത്. വ്യാപാരമില്ലാതായതിനിടെ വീടു പണികൂടി ആരംഭിച്ചു. അതോടെ ബാദ്ധ്യത വർദ്ധിച്ചു. വായ്പ തിരിച്ചടയ്ക്കാൻ പലരിൽ നിന്നായി വാങ്ങിയ വലിയ തുക തിരികെ കൊടുക്കാൻ സാധിക്കാത്തതിനാൽ വിനോദ് മാനസികമായി ബുദ്ധിമുട്ടിലായിരുന്നു. അടുത്തിടെ കൊവിഡ് പിടിപ്പെട്ട് ഒരു മാസത്തോളം കട തുറക്കാനായില്ല. ഇത് വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തിവച്ചു.

അടിമാലി പാെലീസ് മേൽ നടപടി സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകിയ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ബിന്ദുവാണ് ഭാര്യ. അഖിൽ ഏക മകൻ.