കാർഷികാവശ്യത്തിന് സോളാർ വൈദ്യുതി: സംസ്ഥാനത്ത് തണുത്ത പ്രതികരണം

Tuesday 20 July 2021 12:00 AM IST

പത്തനംതിട്ട: കാർഷിക ആവശ്യങ്ങൾക്കുള്ള വൈദ്യുത പമ്പുകൾ സോളാറിലേക്ക് മാറ്റാനുള്ള പദ്ധതിയോട് സംസ്ഥാനത്ത് തണുത്ത പ്രതികരണം. 2019ൽ കേന്ദ്രസർക്കാർ ആവിഷ്കരിച്ച് (പി.എം - കുസും) സബ്സിഡിയാേടെ നടപ്പാക്കുന്ന പദ്ധതിയിലേക്ക് അപേക്ഷകർ വളരെ കുറഞ്ഞതിനാൽ ടെൻഡർ നടപടികളിലേക്ക് കടക്കാനായില്ല.

സംസ്ഥാനത്ത് കഴിഞ്ഞവർഷമാണ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. അപേക്ഷ ക്ഷണിച്ച സമയത്താണ് കൊവിഡ് വ്യാപനം ഉണ്ടായത്. തുടർന്ന് പൊതു തിരഞ്ഞെടുപ്പും വന്നു. ഇതോടെ കർഷകർക്ക് കൃഷി ഒാഫീസുകളിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ ഒാൺലൈനായി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഒാരോ ജില്ലയിലും ഇരുപത്തഞ്ചിൽ താഴെ അപേക്ഷകരാണ് ഇതുവരെയുള്ളത്. കോട്ടയത്തും പാലക്കാട്ടും 24 വീതം അപേക്ഷകരുണ്ട്. മറ്റ് ജില്ലകളിൽ പത്തിൽ താഴെയാണ് അപേക്ഷകർ. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്, മൂന്ന്.

പദ്ധതിയുടെ നേട്ടങ്ങൾ

  • പകൽ മുഴുവൻ സോളാർ വൈദ്യുതി ഉൽപ്പാദനം.
  • കാർഷിക പമ്പുകളിൽ ഉപയോഗിക്കാത്ത വൈദ്യുതി കെ.എസ്.ഇ.ബി.ക്ക് വിൽക്കാം.
  • യൂണിറ്റിന് താരിഫ് അടിസ്ഥാനത്തിൽ തുക കർഷകർക്ക് ലഭിക്കും.
  • കേന്ദ്ര-സംസ്ഥാന സബ്സിഡി 30 ശതമാനം വീതം
  • കൃഷിവകുപ്പിന്റെ 30 ശതമാനം സബ്സിഡി കൂടി കൂട്ടിാൽ കർഷകർക്ക് ചെലവ് 10 ശതമാനം മാത്രം
  • അഞ്ച് വർഷം വാറണ്ടി
  • 25 വർഷം വരെ പെർഫോമൻസ് ഗാരണ്ടി

ഒരു കിലോവാട്ട് സോളാർ പാനൽ സ്ഥാപിക്കാൻ വേണ്ടത് 10 ചതുരശ്രമീറ്റർ നിഴലില്ലാത്ത സ്ഥലം അല്ലെങ്കിൽ മേൽക്കൂര.

കാർബൺ രഹിത പദ്ധതി: കർഷകർക്കായി അനർട്ട് നടപ്പാക്കുന്ന മറ്റൊരു പദ്ധതിയാണ് കാർബൺ രഹിത കൃഷിയിടം. ഡീസൽ പമ്പുകൾ സോളാറിലേക്ക് മാറ്റുന്ന പദ്ധതി ഉടൻ സംസ്ഥാനത്ത് നടപ്പാക്കും.

'' അപേക്ഷകർ നൽകാൻ കർഷകർക്ക് ഇനിയും അവസരമുണ്ട്. പദ്ധതിക്ക് ടെൻഡർ വിളിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

അനർട്ട്