പ്രതികളെ വിശദമായി പരിശോധിക്കാൻ ഡോക്ടർക്ക് തടസമില്ല: ഹൈക്കോടതി

Tuesday 20 July 2021 12:00 AM IST

കൊച്ചി: വൈദ്യപരിശോധനയ്ക്കു വേണ്ടി ഹാജരാക്കുന്ന പ്രതികളുടെ വൃക്കകളുടെ പ്രവർത്തനം ഉൾപ്പെടെ പരിശോധിക്കാൻ നിർദ്ദേശിക്കുന്ന സർക്കുലർ സർക്കാർ പിൻവലിച്ചെങ്കിലും ആവശ്യമെങ്കിൽ പ്രതികളെ വിശദമായി പരിശോധിക്കാൻ ഡോക്ടർക്ക് തടസമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മലപ്പുറം താനൂർ സ്വദേശിനി ഡോ. കെ. പ്രതിഭ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്.

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ ജുഡിഷ്യൽ അന്വേഷണക്കമ്മിഷന്റെ ശുപാർശയനുസരിച്ച് വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുന്ന പ്രതികളെ വിശദമായി പരിശോധിക്കാൻ നിർദ്ദേശിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടർ ജൂൺ നാലിന് സർക്കുലർ ഇറക്കിയിരുന്നു. ഇതിനു പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന വാദം കണക്കിലെടുത്ത് സർക്കുലർ ജൂലായ് 14 നു പിൻവലിച്ചു. ഇനിയൊരുത്തരവുണ്ടാകുംവരെ ജൂൺ നാലിലെ സർക്കുലർ പാലിക്കേണ്ടെന്നാണ് പുതിയ സർക്കുലറിൽ വ്യക്തമാക്കിയത്. ഈ നടപടി വിശദമായ പരിശോധന ആവശ്യമുള്ള പ്രതികളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോ. കെ. പ്രതിഭ ഹർജി നൽകിയത്. ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടിയ ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ ആറാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും. പൊലീസ് ഹാജരാക്കുന്ന പ്രതികൾക്ക് മെഡിക്കൽ പരിശോധന നടത്താൻ സർക്കാർ മാർഗനിർദ്ദേശങ്ങളുണ്ടാക്കിയത് ഡോ. കെ. പ്രതിഭ നൽകിയ മറ്റൊരു ഹർജിയെത്തുടർന്നാണ്.