ദക്ഷിണാഫ്രിക്കയിൽ എം.പിയായിരുന്ന അലക്സ് ചെക്കാട്ടിൽ അന്തരിച്ചു
തിരുവല്ല: ദക്ഷിണാഫ്രിക്കയിൽ എം.പിയായിരുന്ന നെടുമ്പ്രം സ്വദേശി അലക്സ് ചെക്കാട്ടിൽ (65) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ പുലർച്ചെ ദക്ഷിണാഫ്രിക്കയിലായിരുന്നു അന്ത്യം. അഞ്ചുവർഷം മുമ്പാണ് ദക്ഷിണാഫ്രിക്കൻ പാർലമെന്റ് മെമ്പറായത്. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് പി.ഇ.സി മെമ്പറുമായിരുന്നു. കഴിഞ്ഞവർഷം അവസാനമാണ് നാട്ടിലെത്തി മടങ്ങിയത്.
നാട്ടിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന അലക്സ് എൺപതുകളിൽ അദ്ധ്യാപകനായി ദക്ഷിണാഫ്രിക്കയിലെത്തി. നോർത്തേൺ കേപ്പ് പ്രവിശ്യയിലെ കുറുമാനിലായിരിക്കെ സർക്കാരിന്റെ വർണവിവേചനവും അനീതിയും കണ്ട് ആഫ്രിക്കൻ നാഷണൽ കോൺഗ്രസിൽ ചേർന്നു.
നെടുമ്പ്രം ചെക്കാട്ട് പരേതനായ സി.ടി. ജേക്കബിന്റെയും മേരി ജേക്കബിന്റെയും മകനാണ്. പുറമറ്റം കണ്ണോലിൽ പാറയിൽ കുടുംബാംഗം ശോഭയാണ് ഭാര്യ. മകൾ: ഐശ്വര്യ. മരുമകൻ: കല്ലുംപുറത്ത് ധന്യയിൽ ജോബിൻ. റോയി ചേക്കാട്ട് (ആസ്‌ട്രേലിയ), പരേതനായ റെഞ്ചി ചേക്കാട്ട്, ജയിംസ് ചേക്കാട്ട് (ദക്ഷിണാഫ്രിക്ക) എന്നിവരാണ് സഹോദരങ്ങൾ.