മീങ്കര ഡാമിലേക്ക് കമ്പാലത്തറ ഏരിയിലെ വെള്ളം എത്തിത്തുടങ്ങി

Wednesday 21 July 2021 12:21 AM IST
കമ്പാലത്തറ ഏരിയിൽ നിന്നുള്ള വെള്ളം കന്നിമാരി കനാൽ വഴി മീങ്കര ഡാമിലേക്ക് ഒഴുകുന്നുത് കെ.ബാബു എം എൽ എ മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ അഡ്വ.സിയാവുദ്ദീൻ എന്നിവർ സന്ദർശിക്കുന്നു

കൊല്ലങ്കോട്: പറമ്പിക്കുളം ഡാം സമുച്ചയത്തിലെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്ന് പ്രളയജലം മീങ്കര ഡാമിലെത്തി. കമ്പാലത്തറ ഏരിയിൽ നിന്ന് കനാൽ വഴി തുറന്ന വെള്ളം മീങ്കര ഡാമിലെത്തിയെന്ന് ജലസേചന വകുപ്പ് അസി. എൻജിനിയർ റോണി ജോയ് പറഞ്ഞു.

കാർഷികാവശ്യത്തിനായി ഡാം തുറതോടെ ജലനിരപ്പ് താഴ്ന്ന നിലയിലായിരുന്നു. കുടിവെള്ളത്തിന് കൂടി ആശ്രയിക്കുന്നതാണ് മീങ്കര ഡാം. ഇടവപാതിയിൽ ലഭിക്കേണ്ട മഴക്കുറവ് പരിഹരിക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.

പറമ്പിക്കുളത്തു നിന്നും ഭാരതപ്പുഴയിലെത്തുന്ന വെള്ളം മണക്കടവ് വിയർ വഴി മൂലത്തറ ഡാമിലെത്തി അവിടെ നിന്നാണ് കമ്പാലത്തറയിൽ എത്തുന്നത്. മഴക്കാലത്ത് എത്തുന്ന വെള്ളം പറമ്പിക്കുളം ആളിയാർ കരാർ പ്രകാരം കേരളത്തിന് ലഭിക്കേണ്ട 7.25 ടി.എം.സി. വെള്ളത്തിൽ ഉൾപ്പെടുത്തില്ല.
മറ്റു ഡാമുകൾ സംഭരണ ശേഷിയിലെത്തി തുറന്നു വിടുമ്പോൾ മീങ്കര, ചുള്ളിയാർ ഡാമുകളിൽ ഇപ്പോഴും വെള്ളം കുറവാണ്. മീങ്കരയിൽ സംഭരണ ശേഷിയുടെ 30 ശതമാനം വെള്ളമാണുള്ളത്. 156.36 മീറ്റർ സംഭരണ ശേഷിയുള്ള മീങ്കരയിൽ കഴിഞ്ഞദിവസം 152.55 മീറ്ററാണ് ജലനിരപ്പ്.
154.08 മീറ്റർ സംഭരണ ശേഷിയുള്ള ചുള്ളിയാറിൽ കേവലം 16 ശതമാനം മാത്രമാണ് വെള്ളമുള്ളത്. ചുള്ളിയാർ ഡാമിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ പലകപ്പാണ്ടി കനാലിൽ നിന്നും മറ്റു ചെറുതോടുകളിൽ നിന്നും വെള്ളം എത്തുന്നുണ്ടെങ്കിലും ജലനിരപ്പ് ചെറിയ തോതിൽ മാത്രമാണ് ഉയരുന്നത്.

മീങ്കരയിലേക്ക് പറമ്പിക്കുളം ആളിയാർ വെള്ളം എത്തുന്നത് ചുളളിയാറിനെ ആശ്രയിച്ച് കൃഷി ചെയ്യുന്നവർക്കും പ്രതീക്ഷയാണ്. മീങ്കര ഡാമിന്റെ ജലനിരപ്പ് 36 അടി എത്തുമ്പോൾ ലിങ്ക് കനാലിലൂടെ മീങ്കരയിൽ നിന്നും ചുളളിയാർ ഡാമിലേക്ക് വെള്ളമെത്തിക്കാൻ കഴിയും.

Advertisement
Advertisement