കോട്ടപ്പുറം- കൊറ്റി റൂട്ടിൽ സോളാർ ബോട്ട് സർവീസ്

Wednesday 21 July 2021 12:12 AM IST

നീലേശ്വരം: ജലഗതാഗത വകുപ്പ് സമർപ്പിച്ച പദ്ധതി സർക്കാർ അംഗീകരിച്ചതോടെ കോട്ടപ്പുറം - കൊറ്റി റൂട്ടിൽ സോളാർ ബോട്ട് സർവീസുകൾ തുടങ്ങാൻ തീരുമാനമായി. നഷ്ടത്തിലോടുന്ന ബോട്ട് സർവീസ് കാര്യക്ഷമമാക്കുന്നതിന് സമർപ്പിച്ച പദ്ധതി അംഗീകരിച്ചത് ഉത്തര മലബാറിന്റെ പ്രതീക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. യാത്രക്കാരെ ഇരുകരകളിലും എത്തിക്കുന്നതോടൊപ്പം വിനോദ സഞ്ചാരികൾക്ക് കായൽയാത്രയുടെ സൗന്ദര്യം ആസ്വാദ്യകരമാക്കുകയെന്ന ലക്ഷ്യവും സോളാർ ബോട്ട് സർവീസിന് പിന്നിലുണ്ട്.

സോളാർ ബോട്ടുകൾക്ക് മലിനീകരണവും ചിലവും കുറവാണെന്നതാണ് പദ്ധതിയുടെ മുഖ്യ ആകർഷണം. വൈക്കത്ത് സർവീസ് വിജയകരമായതോടെ ജലഗതാഗത വകുപ്പ് പണിയുന്ന ബോട്ടുകൾ ഈ മാതൃകയിലേക്ക് മാറ്റാൻ വകുപ്പ് ആലോചിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് കോട്ടപ്പുറം റൂട്ടിൽ പുതിയ സോളാർ ബോട്ട് വരുന്നത്.

മുപ്പതോളം യാത്രക്കാർക്ക് ഇതിൽ സഞ്ചരിക്കാം. ചായയും കാപ്പിയും അടക്കമുള്ള ലഘു ഭക്ഷണവും ഉണ്ടാകും. ടിക്കറ്റ് നിരക്ക് തീരുമാനമായിട്ടില്ല. എം. രാജഗോപാലൻ എം.എൽ.എയുടെ ഇടപെടലാണ് പാസഞ്ചർ കം ടൂറിസ്റ്റ് ബോട്ട് സർവീസിന് വഴിവച്ചത്.

നിലവിൽ ആയിറ്റി കേന്ദ്രീകരിച്ച് എ 62 നമ്പർ ബോട്ട് തെക്ക് രാമന്തളിവരെയും വടക്ക് പടന്നവരെയും സർവീസ് നടത്തുന്നുണ്ട്. നേരത്തെ കൊറ്റി മുതൽ കോട്ടപ്പുറം വരെയായിരുന്നു സർവീസ്. ലോക്ക്ഡൗണിൽ നിർത്തിയ സർവീസ് കഴിഞ്ഞ 17 മുതലാണ് പുനഃരാരംഭിച്ചത്. കാലപ്പഴക്കം കാരണം സർവീസിന് യോഗ്യമല്ലാതായ എ 61 ബോട്ട് അറ്റകുറ്റപ്പണിക്ക് കരാർ ക്ഷണിച്ചിട്ടുണ്ട്. മടക്കര യാർഡിൽ അറ്റകുറ്റപ്പണിക്ക് കയറ്റിയ എസ് 48 നമ്പർ ബോട്ട് ആയിറ്റിയിൽ നിന്ന് സർവീസ് ആരംഭിക്കുന്നതും പരിഗണനയിലുണ്ട്.

സ്ലിപ്പ് വേ നിർമ്മാണം പുനരാരംഭിക്കും

പാതിവഴിയിലായ സ്ലിപ്പ് വേ യുടെ പണിയും ഉടൻ പുനരാരംഭിക്കും. എട്ടു കോടി രൂപ ചിലവിൽ കോട്ടപ്പുറത്ത് നിർമ്മിക്കുന്ന ബോട്ട് ടെർമിനൽ നിർമ്മാണം പൂർത്തിയാക്കി ഡിസംബറിൽ തുറന്നു കൊടുക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രത്യാശ. കോട്ടപ്പുറം കേന്ദ്രീകരിച്ച് നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്താറുണ്ട്. നാല്പതോളം ഹൗസ് ബോട്ടുകൾ നിലവിൽ കോട്ട പ്പുറത്ത് സർവീസ് നടത്തുന്നുണ്ട്. നിർമ്മാണം പൂർത്തിയായ പാലായി ഷട്ടർ കം ബ്രിഡ്ജിന്റെ സാദ്ധ്യതയും വിനോദസഞ്ചാരത്തിന് ഉപയോഗപ്പെടുത്താമെന്ന നിർദ്ദേശവും ഉയർന്നുവന്നിട്ടുണ്ട്.

Advertisement
Advertisement