ഡി.ടി.പി.സിയിൽ താത്കാലിക ജീവനക്കാരെ പുറത്താക്കാൻ നീക്കം

Wednesday 21 July 2021 12:00 AM IST

പത്തനംതിട്ട: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൽ (ഡി.ടി.പി.സി) നിന്ന് വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള സ്ഥിരമല്ലാത്ത ജീവനക്കാരെ പിരിച്ചുവിടാൻ നീക്കം. എം.എൽ.എയും ജില്ലാ കളക്ടറും രാഷ്ട്രീയ നേതാക്കളും അടങ്ങുന്ന ഡി.ടി.പി.സി എക്സിക്യൂട്ടീവ് കമ്മിറ്റി നിയമിച്ചവരാണ് പിരിച്ചുവിടലിന്റെ വക്കിലുള്ളത്. പുതിയ ആളുകളെ നിയമിക്കുന്നതിന് ഭരണകക്ഷിയായ സി.പി.എമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഭരണ കക്ഷിയംഗങ്ങൾക്കാണ് ഭൂരിപക്ഷം. അഞ്ച് മുതൽ പന്ത്രണ്ട് വർഷം വരെയായി ജോലി ചെയ്യുന്നവരെ പിരിച്ചുവിട്ട് പുതിയ ആളുകളെ കൊണ്ടുവരണമെന്നാണ് സി.പി.എമ്മിൽ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ, പ്രായപരിധി കഴിഞ്ഞ് മറ്റൊരു തൊഴിൽ തേടാൻ മാർഗമില്ലാത്തവരെ പിരിച്ചുവിടുന്നത് ശരിയല്ലെന്നും പാർട്ടി നിലപാടുകൾക്ക് വിരുദ്ധവുമാണെന്നും എതിർ വിഭാഗം ചൂണ്ടിക്കാട്ടുന്നു.

ഡി.ടി.പി.സിയിൽ ക്ളാർക്ക്, കെയർ ടേക്കർ, സ്വീപ്പർ, ഡ്രൈവർ തസ്തികയിൽ ജോലി ചെയ്യുന്ന വനിതകൾ ഉൾപ്പെടെ ഏഴ് പേരെ ഒഴിവാക്കാനാണ് നീക്കം. മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്തും കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തും നിയമനം ലഭിച്ചവരാണ് ഇവർ. 37 മുതൽ 50 വയസുവരെ പ്രായമായവർ ഇക്കൂട്ടത്തിലുണ്ട്. ഡി.ടി.പി.സി യുടെ വിവിധ പദ്ധതികൾ തയ്യാറാക്കുന്നതിനും നടപ്പാക്കുന്നതിനും മുന്നിലുള്ളവരാണ് ഇവർ.

പിരിച്ചുവിടൽ ഭീഷണിയിൽ

ക്ളാർക്ക് 2

കെയർ ടേക്കർ 2

സ്വീപ്പർ 2

ഡ്രൈവർ 1

സെക്രട്ടറിയില്ല

ജില്ലയിൽ മലയോര ടൂറിസം ഉൾപ്പെടെ വിനോദ സഞ്ചാര പദ്ധതികൾ തയ്യാറാക്കാൻ ചർച്ച പുരോഗമിക്കുമ്പോൾ ടൂറിസം പ്രൊമോഷൻ കൗൺസിലിന് രണ്ടു മാസമായി സെക്രട്ടറിയില്ല. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയയാൾ രണ്ട് വർഷ കാലാവധി കഴിഞ്ഞ് മടങ്ങി. സെക്രട്ടറി സ്ഥാനത്തേക്ക് സ്ഥിരം ജീവനക്കാരനെ നിയമിക്കാത്തത് കാരണം ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ നേരിട്ടാണ് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. കോന്നി ടൂറിസം സർക്യൂട്ട്, അടൂരിലെയും റാന്നിയിലെയും വിവിധ പദ്ധതികൾ എന്നിവ സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുന്ന ഘട്ടത്തിലാണ് സെക്രട്ടറിയില്ലാത്തത്.

Advertisement
Advertisement