രാത്രിമഴയിൽ ഭീതിയോടെ ഖോ-ഖോ താരം, അഖിലയ്ക്ക് രാപ്പാർക്കാൻ ഒരു വീടുവേണം

Wednesday 21 July 2021 2:00 AM IST
വീട്ടിൽ മെഡലുകകളും ട്രോഫികളും നിരത്തി വച്ച് അഖില ഫോട്ടോ: സുമേഷ് ചെമ്പഴന്തി

തിരുവനന്തപുരം: കേരളത്തിന്റെ ഖോ-ഖോ താരം എസ്.എസ്.അഖിലയ്ക്ക് ഇപ്പോൾ രാത്രിമഴയെ ഭയമാണ്. ഇനി ഒരു പെരുമഴകൂടി പെയ്താൽ വീട് തകർന്നു വീണേക്കും. മംഗലപുരം കൈലാത്തുകോണം കുറക്കടയിലെ അലപ്പുറത്ത് വീട് എന്ന ആ മൺവീടിനുമുകളിൽ രണ്ടു ദിവസം മുമ്പുണ്ടായ കാറ്റിലും മഴയിലും ഒരു കവുങ്ങ് വീണ് ഒരു ഭാഗം തകർന്നു. അടച്ചുറപ്പില്ലാത്ത വീട്ടിൽ ഇനി എത്രനാൾ എന്ന വേവലാതിയിലാണ് അഖില.

കൂലിപ്പണിക്കാരനായ അച്ഛൻ സുനിൽകുമാറും തൊഴിലുറപ്പു ജോലിക്കുപോകുന്ന അമ്മ സിന്ധുവും മകളുടെ പഠനച്ചെലവ് വഹിക്കുന്നതിനുതന്നെ വിഷമിക്കുകയാണ്. കിടപ്പ് രോഗികളായ സിന്ധുവിന്റെ മാതാപിതാക്കൾ വാമദേവനെയും സുഭദ്ര‌യെയും സംരക്ഷിക്കുകയും വേണം. കോഴിക്കോട് സർവകലാശാലയിൽ ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷന് പഠിക്കുകയാണ് അഖില. സ്വന്തമായുള്ള അഞ്ച് സെന്റ് ഭൂമിയിൽ ഒരു വീട് നിർമ്മിക്കാനുള്ള സഹായത്തിനു വേണ്ടി മുട്ടാത്ത വാതിലുകളില്ല. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുന്നതിനു വേണ്ടി നാലു വർഷം മുമ്പ് മംഗലപുരം പഞ്ചായത്തിൽ നൽകിയ അപേക്ഷയും നിരസിച്ചു. പരിശോധിക്കാനെത്തിയവർ വീടിന്റെ കൂരയിലെ ഓട് കണ്ട് അർഹരല്ലെന്ന് വിധിയെഴുതി. കൂരയിലെ പൊട്ടാത്ത ഓടുകളുടെ എണ്ണം കുറവായതുകൊണ്ട് ടാർപാളിനും ഷീറ്റുകളും കൊണ്ട് മറച്ച് കെട്ടിയിരിക്കുന്നത് അവർ കണ്ടില്ലെന്നു വച്ചു. വീട് എന്ന സ്വപ്നത്തിന് സഹായം തേടി മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി കാത്തിരക്കുകായണ് അഖില. മെഡലുകളും ട്രോഫികളും പേപ്പറിൽ പൊതിഞ്ഞ് ഇരുമ്പുപെട്ടിക്കകത്താണ് സൂക്ഷിച്ചിരിക്കുന്നത്.

എട്ടാം ക്ലാസുമുതൽ കേരള താരം

എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ തന്നെ സംസ്ഥാന ഖോ-ഖോ ജൂനിയർ ടീം അംഗമായ അഖില ഇപ്പോൾ സംസ്ഥാന സീനിയർ ടീമിലും കോഴിക്കോട് സർവകലാശാല ടീമിലും അംഗമാണ്. സാഫ് ഗെയിംസിന്റെ ഇന്ത്യൻടീം ക്യാമ്പിലും പങ്കെടുത്തു. ഖോഖോ കളിയുടെ പശ്ചാത്തലത്തിലൊരുക്കിയ രാഹുൽ റിജിനായരുടെ 'ഖോഖോ' എന്ന സിനിമയിൽ കായികതാരമായി അഭിനയിച്ചിട്ടുണ്ട്. കേരളത്തിനു നാഷണൽ ചാമ്പ്യൻഷിപ്പിൽ വെങ്കലവും കോഴിക്കോട് സർവകലാശാലയ്ക്കു വേണ്ടി ഓൾ ഇന്ത്യാ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ റണ്ണർഅപ്പും ലഭിച്ചത് അഖിലയുടെ കൂടി മിടുക്കുകൊണ്ടാണ്.