അഡ്വ. ജയശങ്കറിന്റെ അംഗത്വം സി.പി.ഐ ബ്രാഞ്ച് ഒഴിവാക്കി

Wednesday 21 July 2021 12:00 AM IST

കൊച്ചി: പ്രമുഖ അഭിഭാഷകനും സാമൂഹ്യനിരീക്ഷകനും സംവാദകനുമായ എ.ജയശങ്കറിന്റെ പാർട്ടി അംഗത്വം പുതുക്കേണ്ടതില്ലെന്ന് സി.പി.ഐയുടെ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് തീരുമാനിച്ചു. തത്വത്തിൽ പുറത്താക്കൽ തന്നെ. തിങ്കളാഴ്ച ജില്ലാ സെക്രട്ടറി പി.രാജു പങ്കെടുത്ത ബ്രാഞ്ച് പൊതുയോഗത്തിലാണ് തീരുമാനം.

ചാനൽ ചർച്ചകളിലൂടെയും യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും നടത്തുന്ന ഇടതുപക്ഷ വിരുദ്ധ പ്രസ്താവനകളാണ് നടപടിക്ക് പ്രഥമ കാരണം. 2020 ജൂലായിലെ ബ്രാഞ്ച് പൊതുയോഗത്തിൽ ഇതേ കാര്യങ്ങൾക്ക് ശാസിച്ചിട്ടും അനുസരിച്ചില്ല, പാർട്ടിയുടെയും പാർട്ടി ബഹുജന സംഘടനകളുടെയും മീറ്റിംഗുകളിലും പ്രവർത്തനങ്ങളിലും കാമ്പെയിനുകളിലും പങ്കെടുത്തില്ല എന്നിവയാണ് നടപടിക്ക് ആധാരമായ മറ്റ് കാരണങ്ങൾ. പാർട്ടി ലെവിയായ 1,330 രൂപ മടക്കി നൽകിയിരുന്നതായും ജയശങ്കറിന് ബ്രാഞ്ച് സെക്രട്ടറി ടി.കെ.സജീവ് നൽകിയ കത്തിൽ പറയുന്നു. ബ്രാഞ്ച് നടപടിക്കെതിരെ ജയശങ്കറിന് മേൽഘടകത്തെ സമീപിക്കുകയോ കൺട്രോൾ കമ്മിഷന് അപ്പീൽ നൽകുകയോ ചെയ്യാം.

''പാർട്ടി നടപടിയെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ല. യുക്തമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും. എന്റെ അസാന്നിദ്ധ്യത്തിലാണ് തീരുമാനം. വിശദീകരണം ചോദിച്ചിട്ടുമില്ല. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് നോട്ടീസ് ലഭിച്ചത്.

- അഡ്വ.എ.ജയശങ്കർ

Advertisement
Advertisement