ഗർഭകാലവും വാക്‌സിനേഷനും

Wednesday 21 July 2021 12:00 AM IST

തിരുവനന്തപുരം : കൊവിഡ് വാക്‌സിൻ ഗർഭിണികൾക്കും നൽകിത്തുടങ്ങിയെങ്കിലും പലരും ആശങ്കയിലാണ്. അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി വാക്‌സിനെടുക്കണമെന്ന് സർക്കാർ പറയുമ്പോഴും ഭയപ്പെട്ട് പിൻമാറുകയാണ് ചിലർ. എന്നാൽ ഗർഭകാലത്തെ വാക്‌സിനേഷൻ സംബന്ധിച്ച സംശയങ്ങൾക്ക് തിരുവനന്തപുരം തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിലെ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ.എസ്.ജീജാബീഗം മറുപടി നൽകുന്നു.

ഗർഭിണിയായിരിക്കുമ്പോൾ വാക്‌സിനെടുത്താൽ കുഞ്ഞിന് എന്തെങ്കിലും ദോഷം ഉണ്ടാക്കുമോ?

അമ്മയുടെ ശരീരത്തിൽ രോഗാണുക്കളിലൂടെയുള്ള രോഗങ്ങളാണ് കുഞ്ഞിനും ദോഷകരമാകുന്നത്. വാക്‌സിൻ രോഗത്തിനെതിരെയുള്ളതാണ്. കൊവിഡ് വാക്‌സിനുകളിൽ നിർജീവമായ വൈറസുകളെയാണ് കുത്തിവയ്ക്കുന്നത്. അതിനാൽ അമ്മയും കുഞ്ഞും സുരക്ഷിതരായിരിക്കും.

വാക്‌സിൻ സ്വീകരിച്ച ശേഷമുണ്ടാകുന്ന പനിയും മറ്റ് അസ്വസ്ഥകളും ഗർഭകാലത്ത് ദോഷകരമാകുമോ?

ഗർഭകാലത്ത് പനി ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് പറയാറുണ്ട്. നേരിയ പനി വാക്‌സിൻ കാരണം ഉണ്ടാകുന്നതാണ്. രണ്ട് ദിവസത്തിൽ കൂടുതൽ പനിയുണ്ടെങ്കിൽ മാത്രം ഡോക്ടറുടെ സേവനം തേടണം.

പനി ഉണ്ടായാൽ മറ്റു മരുന്നുകൾ ഉപയോഗിക്കാമോ?

സാധാണ പനിക്ക് ഉപയോഗിക്കുന്ന മരുന്നുകളെല്ലാം, വാക്‌സിൻ മൂലമുണ്ടാകുന്ന പനിക്കും ഉപയോഗിക്കുന്നതിൽ തെറ്റില്ല.

എത്ര മാസം വരെ വാക്‌സിനെടുക്കാം?

വാക്‌സിൻ എടുക്കാൻ ഗർഭകാലത്ത് പ്രത്യേക സമയം പറയുന്നില്ല, എപ്പോൾ വേണമെങ്കിലും വാക്‌സിനേഷന് വിധേയരാകാം. ആദ്യത്തെ 12 ആഴ്ചയ്ക്ക് ശേഷവും അവസാന 4 ആഴ്ചക്ക് മുമ്പും കൂടുതൽ ഗുണകരമാകും.



പ്രസവം കഴിഞ്ഞാൽ എപ്പോൾ വാക്‌സിനെടുക്കാം?

പ്രസവം കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും വാക്‌സിനെടുക്കാം.

ഗർഭകാലത്ത് ആദ്യ ഡോസും പ്രസവത്തിന് ശേഷം രണ്ടാമത്തെ ഡോസും സ്വീകരിക്കാമോ?

തീർച്ചയായും സ്വീകരിക്കാം, രണ്ടാം ഡോസ് എടുക്കുന്ന ഘട്ടം മുലയൂട്ടുന്ന സമയമാണെങ്കിൽ പോലും പ്രശ്നമില്ല.

അമ്മയ്ക്ക് വാക്‌സിൻ എടുക്കുന്നതിലൂടെ കുഞ്ഞിന് ഇമ്മ്യൂണിറ്റി ലഭിക്കുമോ?

നിലവിൽ ഇത് സംബന്ധിച്ച പരീക്ഷണ റിപ്പോർട്ടുകളൊന്നുമില്ല, കൊവിഡ് വൈറസുകൾക്ക് നിരന്തരം ജനിതകമാറ്റം സംഭവിക്കുന്നതിനാൽ അതിന് സാദ്ധ്യതയില്ല.

 വന്ധ്യത ചികിത്സ നടത്തുന്നവർ വാക്‌സിനെടുക്കാമോ?

വന്ധ്യത ചികിത്സ നടത്തുന്നവർക്കും അതിലൂടെ ഗർഭധാരണം നടത്തിയവർക്കും വാക്‌സിൻ എടുക്കുന്നതിൽ ബുദ്ധിമുട്ടില്ല. വാക്‌സിനെടുത്ത് പിറ്റേദിവസം ഗർഭധാരണം സ്ഥിരീകരിച്ചാലും ആശങ്കവേണ്ട.

Advertisement
Advertisement