തിക്കോടി കല്ലകത്ത് ഇനി കിടിലൻ ഡ്രൈവ് ഇൻ ബീച്ച് നിരയിലേക്ക്

Wednesday 21 July 2021 12:30 AM IST
ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇന്നലെ തിക്കോടി കല്ലകത്ത് ബീച്ച് സന്ദർശിച്ചപ്പോൾ. കാനത്തിൽ ജമീല എം.എൽ.എ സമീപം.

പയ്യോളി: കേരളത്തിലെ പ്രധാന ഡ്രൈവ് ഇൻ ബീച്ചായി തിക്കോടിയിലെ കല്ലകത്ത് കടപ്പുറത്തെ മാറ്റുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. ഇന്നലെ തിക്കോടി സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായി കല്ലകത്ത് ബീച്ചിനെ ഉയർത്തിക്കൊണ്ടുവരണമെന്ന ജനങ്ങളുടെ ആവശ്യം നിറവേറ്റിയിരിക്കും. ബീച്ച് വികസനത്തിനു കിറ്റ്കോ തയ്യാറാക്കിയ 93 ലക്ഷം രൂപയുടെ നവീകരണ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ച സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ സന്ദർശനം.

ജില്ലയിലെ അറിയപ്പെടുന്ന ബീച്ചായ ഇവിടെ ധാരാളം സന്ദർശകർ എത്താറുണ്ട്. പ്രവേശനകവാടം, ഇൻറർലോക്ക് വിരിച്ച നടപ്പാതകൾ, മുള കൊണ്ടുള്ളേ വേലികൾ, പുല്ലും മുളയും ഉപയോഗിച്ചുള്ള ഹട്ടുകൾ, വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ, കുടിവെള്ള ടാങ്ക്, ശൗചാലയം, കുട്ടികളുടെ കളിസ്ഥലം തുടങ്ങിയവ നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ മേൽനോട്ടത്തിലാണ് പ്രവൃത്തികൾ നടക്കുക. കാനത്തിൽ ജമീല എംഎൽഎ യുടെയും മുൻ എം.എൽ.എ കെ.ദാസന്റെയും ശ്രമഫലമായാണ് പദ്ധതിയുടെ വരവ്. മന്ത്രിയോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി, സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.കെ മുഹമ്മദ്, ഏരിയാ സെക്രട്ടറി എം.പി ഷിബു, ലോക്കൽ സെക്രട്ടറി ബിജു കളത്തിൽ എന്നിവരും മന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നു.

Advertisement
Advertisement