കളമശേരി ബസ് കത്തിക്കൽ: പ്രതി അനൂബിന് ആറ് വർഷം കഠിന തടവും 1.60 ലക്ഷം രൂപ പിഴയും

Wednesday 21 July 2021 1:30 AM IST

കൊച്ചി: കളമശേരി ബസ് കത്തിക്കൽ കേസ് പ്രതി എറണാകുളം നോർത്ത് പറവൂർ വെടിമറ കാഞ്ഞിരപ്പറമ്പിൽ വീട്ടിൽ അനുവെന്ന കെ.എ. അനൂബിന് എൻ.ഐ.എ കോടതി ആറു വർഷം കഠിന തടവും 1.60 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

കാശ്മീർ റിക്രൂട്ട്മെന്റ് കേസ്, കോഴിക്കോട് ഇരട്ടസ്‌ഫോടനക്കേസ് തുടങ്ങിയവയിൽ പ്രതിയായ തടിയന്റവിട നസീർ, പി.ഡി.പി നേതാവ് അബ്ദുൾ നാസർ മഅ്ദനിയുടെ ഭാര്യ സൂഫിയ മഅ്ദനി തുടങ്ങിയവരുൾപ്പെടെ 13 പ്രതികൾ ഉൾപ്പെട്ട കേസാണിത്. മറ്റു പ്രതികളുടെ വിചാരണ പുരോഗമിക്കുകയാണ്.

ബോംബ് സ്ഫോടനക്കേസിൽ കോയമ്പത്തൂർ ജയിലിൽ കഴിഞ്ഞിരുന്ന മഅദ്നിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ 2005 സെപ്തംബർ ഒമ്പതിന് തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് കത്തിച്ചതാണ് കേസിനാസ്പദമായ സംഭവം. എറണാകുളത്തു നിന്ന് സേലത്തേക്ക് പോയ ബസ് പ്രതികൾ ഡ്രൈവറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. യാത്രക്കാരെ ബസിൽ നിന്ന് ഇറക്കിയ ശേഷം കളമശേരി എച്ച്.എം.ടിക്ക് സമീപം കൊണ്ടുപോയി അഗ്നിക്കിരയാക്കി. കേരള പൊലീസ് രജിസ്റ്റർ ചെയ്ത കേസ് തീവ്രവാദ ബന്ധം കണ്ടതോടെ, 2010 ജനുവരി 22ന് എൻ.ഐ.എയ്ക്ക് വിട്ടു. 2010 ഡിസംബർ ഏഴിന് എൻ.ഐ.എ കുറ്റപത്രം നൽകി. ഈ സമയം വിദേശത്തേക്ക് ഒളിവിൽ പോയ അനൂബിനെ 2016 ഏപ്രിൽ ഏഴിനാണ് അറസ്റ്റ് ചെയ്തത്. വിചാരണ പുരോഗമിക്കുന്നതിനിടെ അനൂബ് തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ സമ്മതിച്ചു. തുടർന്നാണ് വിചാരണക്കോടതി ഇയാൾക്ക് മാത്രമായി ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി 30 വർഷത്തോളം തടവുശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും, ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ ആറ് വർഷമായി കുറഞ്ഞു. അഞ്ചു വർഷമായി ജയിലിൽ കഴിയുന്ന ഇയാൾ അടുത്ത വർഷം മോചിതനാകും.

വിചാരണ നേരിടുന്ന

മറ്റു പ്രതികൾ

തടിയന്റവിട നസീർ, സൂഫിയ മഅ്ദനി, മജീദ് പറമ്പായി, അബ്ദുൾ ഹാലിം, ഗഞ്ച് നവാസ് എന്ന മുഹമ്മദ് നവാസ്, ഇസ്മയിൽ, നാസർ, സാബിർ ബുഖാരി, ഉമർ ഫാറൂഖി, താജുദ്ദീൻ. മുഹമ്മദ് സാബിർ ഒളിവിലാണ്. കാശ്മീരിൽ വെടിയേറ്റു മരിച്ച അബ്ദുൾ റഹീമിനെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.

Advertisement
Advertisement