ഉത്ര കൊലക്കേസ് : ആ ദിവസം സൂരജിന്റെ മെയിൽ ഐഡിയിൽ നിന്നും മുഖ്യമന്ത്രിയ്ക്ക് മെയിൽ അയച്ചതാര് ?

Wednesday 21 July 2021 9:32 AM IST

കൊല്ലം: ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് 2020 മേയ് 20ന് തന്റെ ഇമെയിൽ ഐ.ഡിയിൽ നിന്ന് മുഖ്യമന്ത്രിക്ക് പരാതി അയച്ചിട്ടില്ലെന്ന വാദത്തിൽ ഉറച്ച് പ്രതി സൂരജ്. ഉത്ര വധക്കേസ് വിചാരണയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കോടതിയിൽ എത്തിച്ച ഇ മെയിൽ പരാതി സംബന്ധിച്ച് കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം. മനോജ് മുമ്പാകെ പ്രതി നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം അറിയിച്ചത്.

20ന് രാവിലെ പൊലീസ് ഉദ്യോഗസ്ഥർ ജീപ്പിൽ കയറ്റി പല സ്ഥലത്തും കൊണ്ടുപോയി. ഫോൺ പൊലീസുകാർ വാങ്ങിയിരുന്നുവെന്നും ഇമെയിൽ പാസ് വേഡ് ഓപ്പൺ ആയിരുന്നുവെന്നും പിന്നീടാണ് ഫോൺ തിരികെ ലഭിച്ചതെന്നും സൂരജ് കോടതിയിൽ പറഞ്ഞു.

2020 മാർച്ച് 3ന് രാത്രി 12 ന് ഉത്ര കാലുവേദനിക്കുന്നുവെന്ന് പറഞ്ഞ് കരഞ്ഞപ്പോൾ കൂട്ടുകാരനെ വിളിച്ച് ആശുപത്രിയിൽ കൊണ്ടപോയെന്ന കത്തിലെ പരാമർശം സൂരജ് അംഗീകരിച്ചു. എന്നാൽ 2020 മേയ് 7ന് രാത്രി ആഹാരം കഴിച്ച് ഉത്രയോടൊപ്പം ഉറങ്ങാൻ കിടന്നുവെന്ന ഭാഗം പ്രതി നിഷേധിച്ചു. ഇതു സംബന്ധിച്ച് കൂടുതൽ പറയാനില്ലെന്നും കോടതിയെ അറിയിച്ചു. ഇന്നലെ പ്രതിഭാഗം വാദം പൂർത്തിയായി. വ്യാഴാഴ്ച പ്രതിഭാഗം വാദമുഖങ്ങൾക്ക് പ്രോസിക്യൂഷൻ മറുപടിവാദം പറയും.

Advertisement
Advertisement