ഏറ്റവും വലിയ ധനികന്റെ താമസം ഒറ്റമുറിവാടകവീട്ടിൽ!

Wednesday 21 July 2021 2:11 PM IST

ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് സ്‌പെയ്സ് എക്സ് സ്ഥാപകനും ടെസ്‌ല സി.ഇ.ഒയുമായ ഇലോൺ മസ്‌ക്. സമ്പന്നതയുടെ പടവുകൾ താണ്ടുമ്പോഴും സ്വന്തമായി ഒരു വീട് പോലുമില്ലാത്ത ധനികനാണ് മസ്‌ക്.

ഈ അടുത്ത കാലത്താണ് തന്റെ ഉടമസ്ഥതയിലുള്ള അവസാന വീടും മസ്‌ക് കൈമാറ്റം ചെയ്തത്. ഇപ്പോൾ ടെക്സസിലെ ബോക ചിക്കയിൽ സ്‌പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ളൊരു ചെറിയ വീട്ടിലെ വാടകക്കാരനാണ് ഇലോൺ മസ്‌ക് എന്ന ശതകോടീശ്വരൻ. അമ്പതിനായിരം ഡോളർ, ഏകദേശം 37 ലക്ഷം രൂപ വിലവരുന്ന ഒറ്റമുറി വീട്ടിലാണ് ഇപ്പോൾ മസ്‌ക്കിന്റെ താമസം. ബോക്സബിൾ കമ്പനി നിർമ്മിച്ച 375 ചതുരശ്രഅടി വിസ്തീർണമുള്ള ഒരു മോഡുലാർ വീടാണിത്. അത്യാവശ്യ സൗകര്യങ്ങൾ മാത്രമേ ഈ വീട്ടിലുള്ളു. വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത് ഓപ്പൺ ഫ്‌ളോർ പ്ലാനിലാണ്. ലിവിംഗ് ഏരിയ, അടുക്കള, ബെഡ്റൂം, ബാത്‌റൂം തുടങ്ങിയവയെല്ലാം ഈ കുഞ്ഞൻ വീട്ടിലുണ്ട്. ആവശ്യാനുസരണം വീടിനെ മടക്കി മറ്റൊരു സ്ഥലത്ത് സ്ഥാപിക്കാവുന്ന രീതിയിൽ പോർട്ടബിൾ സ്റ്റൈൽ വീടാണിത്. ലിവിംഗ് ഏരിയയോട് ചേർന്നാണ് ബാത്‌റൂമും ലോൻട്രിയും ക്രമീകരിച്ചിരിക്കുന്നത്. സ്ഥലപരിമിധിയുണ്ടെങ്കിലും ധാരാളം ഷെൽഫുകളും കബോർഡുകളുമെല്ലാം അടുക്കളയിൽ ക്രമീകരിച്ചിട്ടുണ്ട്. അടുക്കളയോട് ചേർന്ന് രണ്ടു പേർക്ക് ഇരിക്കാവുന്ന തരത്തിൽ ചെറിയ ഡൈനിംഗ് സ്പേസും ഒരുക്കിയിട്ടുണ്ട്. ടിവി വയ്ക്കാവുന്ന രീതിയിൽ സജ്ജീകരിച്ചിട്ടുള്ള ഷെൽഫാണ് ബെഡ്‌റൂമും ലിവിംഗ് ഏരിയയും വേർതിരിക്കുന്നത്. ബാത്ത്റൂമിൽ ബാത് ടബും കബോർഡുകളും കണ്ണാടിയും ഉൾപ്പെടുത്തിയിട്ടുണ്ട്. പൗലോ ടിരമാനിയും മകനായ ഗാലിയാനോ ടിരമാനിയും ചേർന്ന് 2017 ലാണ് കോംപാക്ട് വീടുകൾ നിർമ്മിക്കുന്ന ബോക്സബിൾ എന്ന കമ്പനി ആരംഭിച്ചത്. സാധാരണ മോഡുലാർ വീടുകൾ ദൂരസ്ഥലങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് വലിപ്പം തടസ്സമായപ്പോഴാണ് മടക്കിയെടുക്കാവുന്ന തരത്തിലെ വീടുകൾ കമ്പനി നിർമ്മിച്ചു തുടങ്ങിയത്.