വ്യാജരേഖ ചമച്ച് കൊച്ചി കപ്പൽശാലയിൽ ജോലി ചെയ്ത അഫ്ഗാൻ പൗരൻ പിടിയിൽ

Thursday 22 July 2021 12:00 AM IST

 ഗുരുതര സുരക്ഷാവീഴ്ച; ജോലി ചെയ്തത് ഒന്നര വ‌ർഷം

കൊച്ചി: കൊച്ചിൻ കപ്പൽശാലയിൽ വൻ സുരക്ഷാവീഴ്ച. അസാം സ്വദേശിയാണെന്ന വ്യാജ തിരിച്ചറിയൽ രേഖ ചമച്ച് അഫ്ഗാൻ പൗരൻ കരാ‌ർ തൊഴിലാളിയായി കപ്പൽശാലയിൽ പണിയെടുത്തത് ഒന്നര വ‌ർഷത്തിലധികം. കപ്പൽശാല നൽകിയ പരാതിയിൽ ഈദ്ഗുൽ (അബ്ബാസ് ഖാൻ -23) എന്നയാളെ കൊച്ചി സിറ്രി പൊലീസ് കൊൽക്കത്തയിൽ നിന്ന് പിടികൂടി. നാവികസേനയ്ക്ക് വേണ്ടി വിമാനവാഹിനി നിർമ്മിക്കുന്നതിനാൽ വർഷങ്ങളായി അതീവസുരക്ഷയിലാണ് കപ്പൽശാല.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ജൂൺ 28നാണ് കപ്പൽശാല അധികൃതർ എറണാകുളം സൗത്ത് പൊലീസിൽ പരാതി നൽകിയത്. അപ്പോഴേക്കും ഇയാൾ മുങ്ങി. എറണാകുളം അസി. കമ്മിഷണ‌റുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇയാൾ കൊൽക്കത്തയിലുണ്ടെന്ന് കണ്ടെത്തി കസ്റ്റഡിയിലെടുത്ത് ചൊവ്വാഴ്ച രാത്രി കൊച്ചിയിലെത്തിച്ചു. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഈദ്ഗുലിന്റെ പിതാവ് ഭറാത്ത് ഖാൻ അഫ്ഗാൻ പൗരനും അമ്മ ദലീറോ ബീഗം അസാം സ്വദേശിയുമാണ്. ഈദ്ഗുൽ ജനിച്ചതും പഠിച്ചതും അഫ്ഗാനിലാണ്. 2018ൽ മെഡിക്കൽ വിസയിലാണ് ഇന്ത്യയിലെത്തിയത്. ഇവിടെ വിവിധ ജോലികൾ നോക്കി കഴിയവെയാണ് അമ്മയുടെ സഹോദരന്മാർക്കൊപ്പം കൊച്ചിയിൽ എത്തുന്നത്. അമ്മയുടെ സഹോദരന്മാരിൽ ചിലർ ഏറെക്കാലമായി കപ്പൽശാലയിൽ കരാർ തൊഴിലാളികളാണ്. അവർ വഴിയാണ് വെൽഡിംഗ് ഉൾപ്പെടെ പണികൾക്കായി ജോലിക്ക് കയറിയത്. അതിനുവേണ്ടിയാണ് അമ്മയുടെ നാടായ അസാമിന്റെ പേരിൽ വ്യാജ തിരിച്ചറിയൽ രേഖ തയ്യാറാക്കിയത്. വ്യാജരേഖ ചമച്ചതിനും പാസ്പോ‌ർട്ട് ചട്ടം ലംഘിച്ചതിനുമാണ് ഇയാൾക്കെതിരെ കേസ്.

ബന്ധുക്കൾ 'പണി' കൊടുത്തു!

ഈദ്ഗുലിന്റെ മാതാവിന് ഒമ്പത് സഹോദരങ്ങളുണ്ട്. ഇവരിൽ കപ്പൽശാലയിൽ ജോലി ചെയ്യുന്നവർക്കൊപ്പം ഈദ്ഗുൽ 2019 നവംബറിലാണ് കൊച്ചിയിൽ എത്തിയത്. തേവരയിലെ വാടക വീട്ടിലായിരുന്നു താമസം. ഇക്കഴിഞ്ഞ ജൂൺ 26ന് ഈദ്ഗുലും അമ്മയുടെ സഹോദരന്മാരും തമ്മിൽ തെറ്രി. പിന്നാലെ അവർ ഈദ്ഗുലിന്റെ രഹസ്യം സുരക്ഷാ ജീവനക്കാരോട് വെളിപ്പെടുത്തി. ഈദ്ഗുൽ സബ് കോൺട്രാക്ടർ വഴിയാണ് ജോലിയിൽ പ്രവേശിച്ചതെന്നും ഇയാളുടെ യഥാർത്ഥ പേരും വിളിപ്പേരും തമ്മിൽ പൊരുത്തക്കേട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഫ്ഗാൻ പൗരനാണെന്ന് കണ്ടെത്തിയതെന്നുമാണ് കൊച്ചിൻ കപ്പൽശാലയുടെ വിശദീകരണം. ഈദ്ഗുലിനെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.

Advertisement
Advertisement