ചിന്തിക്കാനാവില്ല ചിക്കൻ വില !

Thursday 22 July 2021 12:59 AM IST

കൊച്ചി: കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഫാമുകളിലെ ഉത്പാദനം കുറഞ്ഞതോടെ സംസ്ഥാനത്തെ കോഴിവില കുതിച്ചുയരുന്നു. 150ഉം കടന്ന് വില കുതിച്ചതോടെ ഇറച്ചി വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ കുറവും വന്നു.

കൊച്ചിയിൽ പെരുമ്പാവൂർ, കാലടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഇറച്ചി കോഴി വൻതോതിൽ വരുന്നത്. 2020 മാർച്ച് മുതൽ തമിഴ്‌നാട്ടിൽ നിന്നുള്ള കോഴി വരവിൽ ഗണ്യമായ കുറവുണ്ടായി. ഫാമുകളിൽ സ്റ്റോക്കുള്ള ഇറച്ചി കോഴികളാണ് അടുത്ത ദിവസങ്ങൾ വരെ കൊച്ചിയിലെ മാർക്കറ്റുകളിൽ എത്തിയത്.

സംസ്ഥാനത്ത് പലയിടത്തും കോഴിവില തോന്നിയപോലെയാണ്. ചിലയിടങ്ങളിൽ വില 240കടന്നിരുന്നു. കൊച്ചിയിലും ഇതു തന്നെയാണ് അവസ്ഥ. കഴിഞ്ഞ ദിവസങ്ങളിൽ കിലോമീറ്ററുകളുടെ മാത്രം ദൂരത്തിൽ കിലോയ്ക്ക് 15മുതൽ 30 രൂപയുടെ വ്യത്യാസമുണ്ടായിരുന്നു. 185-190 രൂപയാണ് കൊച്ചിയിൽ ഇന്നലത്തെ ചിക്കൻവില. പെരുന്നാൾ പ്രമാണിച്ച് വിലകൂടിയതാണെന്ന് വ്യാപാരികൾ പറയുന്നുണ്ടെങ്കിലും ദിവസങ്ങളായി വില മേലേക്ക് തന്നെയാണ്.

മൂന്ന് മാസം മുൻപ് 100-105 രൂപയായിരുന്നിടത്തു നിന്നാണ് വില ഇത്രയും കൂടിയത്. ഇപ്പോഴത്തെ വിലക്കയറ്റം താത്കാലികമാണെന്നും പുതിയ ബാച്ച് കുഞ്ഞുങ്ങൾ എത്തുന്നതോടെ വിലയിൽ കുറവ് വരുമെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. കോഴിത്തീറ്റയ്ക്ക് വില വർദ്ധിച്ചതും കാരണമായി ചൂണ്ടിക്കാട്ടപ്പടുന്നുണ്ട്.

 വില വർദ്ധന താത്കാലികം മാത്രമാണ്. സംസ്ഥാന സർക്കാർ കോഴി കർഷകർക്ക് സബ്‌സിഡി അനുവദിക്കണം. ബിന്നി ഇമ്മട്ടി, പൗൾട്രി ഫാർമേഴ്‌സ് ആൻഡ് ട്രേഡേഴ്‌സ് സമിതി.

വില വർദ്ധനക്ക് പരിഹാരം കണ്ടില്ലെങ്കിൽ ചെറുകിട വിൽപനക്കാരുടെ കാര്യം കഷ്ടത്തിലാകും.

കുര്യൻ, കച്ചവടക്കാരൻ.

 കൊവിഡ് പ്രതിസന്ധി രൂക്ഷമായി നിൽക്കുന്ന സമയത്ത് ഇങ്ങനെ വിലക്കയറ്റമുണ്ടായാൽ ചിക്കൻ വേണ്ടെന്നു വയ്ക്കുകയല്ലാതെ വഴിയില്ല.

ബാബു, കെട്ടിട നിർമ്മാണത്തൊഴിലാളി

Advertisement
Advertisement