സഹകരണ മേഖല പിടിക്കാൻ കേന്ദ്ര നയം മാറ്റേണ്ടി വരും

Thursday 22 July 2021 12:44 AM IST

തിരുവനന്തപുരം:സംസ്ഥാന സഹകരണ സംഘങ്ങളെ സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ ഭരണഘടനാ ഭേദഗതി സുപ്രീംകോടതി റദ്ദാക്കിയത് ഈ മേഖലയിലെ മോദി സർക്കാരിന്റെ നീക്കത്തിന് താക്കീതായി.കേന്ദ്രത്തിൽ സഹകരണ വകുപ്പ് രൂപീകരിച്ച് രണ്ടാഴ്ച തികയുന്നതിന് മുമ്പാണ് വിധി. ഇതോടെ, സഹകരണ മേഖല പിടിക്കാൻ കേന്ദ്ര നയം മാറ്റേണ്ടി വരും.

മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയിയാണ് മൾട്ടി സ്റ്റേറ്റ് സഹകരണസ്ഥാപനങ്ങൾക്ക്അനുമതി നൽകി ആദ്യം നിയമഭേദഗതി വരുത്തിയത്. പിന്നാലെ, 2011ൽ പ്രധാനമന്ത്രി മൻമോഹൻസിംഗാണ് സഹകരണമേഖലയിൽ ഇടപെടാൻ കേന്ദ്രത്തെ അനുവദിക്കുന്ന 97-ാം ഭേദഗതി കൊണ്ടുവന്നത്. സഹകരണം സംസ്ഥാന വിഷയമായതിനാൽ, പകുതിയിലേറെ സംസ്ഥാനങ്ങൾ അംഗീകരിക്കാതെ ഭേദഗതി കൊണ്ടുവരാൻ കേന്ദ്രത്തിനാകില്ലെന്ന് വ്യക്തമാക്കിയാണ് ഭേദഗതി സുപ്രീം കോടതി റദ്ദാക്കിയത് .

 കേരളത്തിന് ആശങ്ക വേണ്ടെന്ന്

അമിത് ഷാ കേന്ദ്ര സഹകരണമന്ത്രിയായതിനെ കേരളത്തിലെ സഹകാരികളും അവർക്ക് പിന്നിലെ രാഷ്ട്രീയക്കാരും വെറുതെ പേടിക്കുകയാണെന്ന് സഹകാർ ഭാരതി അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കരുണാകരൻ പറഞ്ഞു. കാർഷിക വകുപ്പിന് കീഴിലുള്ള മൾട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങളെ പുതിയ മന്ത്രാലയത്തിലാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഭരണഘടനാഭേദഗതിയിലൂടെ സഹകരണ മേഖല കൈക്കലാക്കാൻ കേന്ദ്രത്തിന് ഇനിയും കഴിയുമെന്ന് മനസിലാക്കി സംസ്ഥാന സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്ന് സഹകരണ ജനാധിപത്യ വേദി അദ്ധ്യക്ഷൻ കരകുളം കൃഷ്ണപിള്ള പറഞ്ഞു. സഹകരണ മേഖലയിൽ ഇടപെടാനുളള കേന്ദ്രത്തിന്റെ ഏകപക്ഷീയ നീക്കം നിരാകരിച്ചതിലൂടെ, ഇടതുമുന്നണി സർക്കാരിന്റെ നിലപാട് സുപ്രീം കോടതി അംഗീകരിച്ചതായി മന്ത്രി വി. എൻ. വാസവൻ പറഞ്ഞു.

 കേന്ദ്ര ലക്ഷ്യം അന്താരാഷ്ട്ര മോഡൽ

ദേശീയ തലത്തിൽ 90 ശതമാനം ഗ്രാമങ്ങളിലും സാന്നിധ്യമുള്ളതാണ് സഹകരണവകുപ്പ്. 8.5ലക്ഷം സഹകരണസംഘങ്ങളിലായി 29കോടി അംഗങ്ങളും 12.5ലക്ഷം കോടി നിക്ഷേപവുമുണ്ട്. അമേരിക്ക, സ്വിറ്റ്സർലൻഡ്, ബ്രിട്ടൻ,ഹോളണ്ട്, ജപ്പാൻ മാതൃകയിൽ രാജ്യവ്യാപക റീട്ടെയിൽ ശൃംഖലകളാണ് കേന്ദ്ര ലക്ഷ്യം

Advertisement
Advertisement