183 - എ ദേശീയ പാത : വീണ്ടും പ്രതീക്ഷ

Wednesday 21 July 2021 10:56 PM IST

കടമ്പനാട് : ജില്ലയിലെ ആദ്യത്തെ ദേശീയ പാത 183 - എ വികസനത്തിന് വീണ്ടും കേന്ദ്രസർക്കാരിന്റെ പച്ചക്കൊടി. ഭാരത് മാലാ പദ്ധതിയിൽ ഉൾപ്പെടുത്തിയതാണ് റോഡ് വികസനത്തിൽ ജില്ലയ്ക്ക് പുതിയ പ്രതീക്ഷകൾ നൽകുന്നത്. റോഡ് വികസനത്തിനായി കൊല്ലം - മൂവാറ്റുപുഴ ഡിവിഷനുകൾ സംസ്ഥാന സർക്കാരിൽ നിന്ന് സ്ഥലമേറ്റെടുത്തതിന് ശേഷം കടമ്പനാട് മുതൽ - നെല്ലിമൂട്ടിൽ പടി വരെയുള്ള ഭാഗവും മുണ്ടക്കയം മുതൽ എരുമേലി വരെയുള്ള ഭാഗവും ബി.എം ആൻഡ് ബി.സി. നിലവാരത്തിൽ ടാർ ചെയ്തിരുന്നു. ഇതല്ലാതെ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് മറ്റ് നടപടികൾ നടന്നിരുന്നില്ല. ആന്റോ ആന്റണി എം.പിയുടെ ശക്തമായ സമ്മർദ്ദത്തിന്റെ ഫലമായാണ് ഇപ്പോൾ ഈ റോഡ് ഭാരത് മാലാ പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞത്. 183 കൊല്ലം - തേനി ദേശീയ പാതയിൽ ശാസ്താംകോട്ട - ഭരണിക്കാവിൽ നിന്നാണ് 183 എ ദേശീയ പാത ആരംഭിക്കുന്നത്. . 116 കിലോമീറ്റർ ദൂരമാണ് 183. എ. ദേശീയ പാതയ്ക്കുള്ളത്. ഇലവുങ്കൽ മുതൽ പമ്പവരെയാണ് ലിങ്ക് റോഡ്. വനത്തിലൂടെ കടന്നുപോകുന്ന ഈ റോഡ് ആദ്യ ഘട്ടത്തിൽത്തന്നെ വികസിപ്പിക്കാനാണ് പദ്ധതി. ഭരണിക്കാവ് മുതൽ - മുണ്ടക്കയം വരെയും നാലുവരി പാതയാണ്. എന്നാൽ അടൂർ , കൈപ്പട്ടൂർ , ഓമല്ലൂർ, പത്തനംതിട്ട എന്നിവിടങ്ങളിൽ നാലുവരി പാതയ്ക്ക് സ്ഥലം ഏറ്റെടുക്കുവാൻ ബുദ്ധിമുട്ടാണെന്നാണ് സർവെ അധികൃതർ നൽകിയ റിപ്പോർട്ട് . ഇതിനാൽ ഈ ഭാഗങ്ങളിൽ ബൈ പാസ് നിർമ്മിക്കുന്നതിനെക്കുറിച്ചാണ് ഇപ്പോൾ ആലോചിക്കുന്നത്. കൈപ്പട്ടൂരിൽ അച്ചൻകോവിലാറ്റിൽ പുതിയ പാലവും പരിഗണിക്കുന്നു. സ്ഥലം ഏറ്റെടുപ്പാണ് പ്രധാന കടമ്പ .

പാത കടന്നുപോകുന്നത്

ഭരണിക്കാവ്, കടമ്പനാട്, നെല്ലിമുകൾ, മണക്കാല, അടൂർ , തട്ട, കൈപ്പട്ടൂർ , ഓമല്ലൂർ, പത്തനംതിട്ട , വഴി മൈലപ്ര, മണ്ണാറക്കുളഞ്ഞി , വടശേരിക്കര, പെരുനാട്, ളാഹ , പ്ലാപ്പള്ളി, ഇലവുങ്കൽ, നാറാണംതോട്, തുലാപ്പള്ളി, കണമല , മുക്കൂട്ടുതറ എരുമേലി, പേരൂർ തോട് വഴി മുണ്ടക്കയത്ത് എത്തും

116 കിലോമീറ്റർ

Advertisement
Advertisement