സിക്ക വൈറസ്: ജീല്ലയിൽ രണ്ടുപേർ നിരീക്ഷണത്തിൽ

Wednesday 21 July 2021 11:01 PM IST

പത്തനംതിട്ട : സിക്കവൈറസ് രോഗ ലക്ഷണങ്ങളുമായി ജില്ലയിൽ രണ്ട് സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. പത്തനംതിട്ടയിലും തിരുവല്ലയിലുമുള്ള രണ്ടുപേരാണ് നിരീക്ഷണത്തിലുള്ളത് . ഇവരിൽ ഒരാൾ തിരുവനന്തപുരത്ത് സിക്ക വൈറസ് സ്ഥിരീകരിച്ച പ്രദേശത്ത് രണ്ടാഴ്ച താമസിച്ചിരുന്നു. പനിയും തിണർത്ത പാടുകളുമായിരുന്നു സിക്കയാണോയെന്ന സംശയത്തിന് കാരണം.

ജില്ലയിൽ സിക്കവൈറസ് സാദ്ധ്യത ആരോഗ്യ വകുപ്പ് പൂർണമായി തള്ളിക്കളഞ്ഞിട്ടില്ല. കൊതുകിന്റെ ക്രമാതീതമായ സാന്ദ്രതയാണ് അതിന് കാരണം. ജില്ലയിൽ പൊതുവേ എല്ലാ സ്ഥലങ്ങളിലും ഈഡീസ് കൊതുകുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇത് രോഗം പകരാനുള്ള സാദ്ധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്..

കൊവിഡ് വർദ്ധിക്കാൻ സാദ്ധ്യത

ജില്ലയിൽ കൊവിഡ് വർദ്ധിക്കാൻ സാദ്ധ്യതയേറെ.നഗരത്തിലും മറ്റും തിരക്ക് കൂടിവരികയാണ്. കർക്കടക മാസ പൂജയ്ക്കായി നടതുറന്നപ്പോ8 ശബരിമലയിലെ രണ്ട് ജീവനക്കാർക്ക് കൊവിഡ് പോസീറ്റീവായിരുന്നു. രണ്ട് വാക്സിനും എടുത്തവരാണിവർ. വാക്സിൻ എടുത്തവർക്ക് ആർ.ടി.പി.സി.ആർ പരിശോധന വേണ്ടെന്ന കാരണത്താൽ പലരും പരിശോധന നടത്തിയിരുന്നില്ല. നേരത്തെ കണ്ടെത്തിയതിനാൽ ഇവർക്ക് പ്രൈമറി കോൺടാക്ട് ഇല്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

വ്യാഴവും വെള്ളിയും ജില്ലയിൽ നടത്തിയ കൂട്ടപ്പരിശോധനയുടെ ഫലം പുറത്തുവരുമ്പോൾ കേസുകൾ വർദ്ധിക്കുന്നതായാണ് കണ്ടെത്തൽ. അഞ്ഞൂറിലധികം കേസുകളാണ് ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് കൊവിഡ് കേസുകളിലെ പോസിറ്റീവിറ്റി അടക്കമുള്ള നിരക്കുകളിൽ പതിന്നാലാം സ്ഥാനത്താണ് പത്തനംതിട്ട ജില്ല. ജില്ലയ്ക്ക് ആറ് ശതമാനം പോസിറ്റിവിറ്റിയാകുമ്പോൾ മറ്റ് ജില്ലകളിൽ അത് പത്തിനും പതിനഞ്ചിനും മുകളിലാണ്. പരിശോധനയും ഏറ്റവും കൂടുതൽ ജില്ലയിലാണ് നടക്കുന്നത്. ദിവസവും അയ്യായിരം മുതൽ എണ്ണായിരം വരെ പരിശോധനകൾ ജില്ലയിൽ നടക്കുന്നുണ്ട്.

"മറ്റ് ജില്ലകളിലെ കൊവിഡ് കേസുകളെ അപേക്ഷിച്ച് ജില്ലയിൽ പോസിറ്റീവിറ്റി നിരക്ക് കുറവാണ്. കൃത്യമായി നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ കാര്യങ്ങൾ വഷളാകും. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണ്. "

ഡോ. എ.എൽ ഷീജ

(ഡി.എം.ഒ)

ഇന്നലെ 584 പേർക്ക് കൊവിഡ്

ജില്ലയിൽ ഇന്നലെ 584 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 579 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.

Advertisement
Advertisement