എൻ.റാം എം.ജി യൂണി. ബഞ്ചമിൻ ബയ്‌ലി ചെയർ അദ്ധ്യക്ഷൻ

Thursday 22 July 2021 12:00 AM IST
ram

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ പുതുതായി സ്ഥാപിച്ച ബഞ്ചമിൻ ബയ്‌ലി ചെയറിന്റെ അദ്ധ്യക്ഷനായി ദ ഹിന്ദു പബ്ലിഷിംഗ് ഗ്രൂപ്പിന്റെ ഡയറക്ടർ എൻ. റാമിനെ നിയോഗിച്ചു. മഹാത്മാഗാന്ധി സർവകലാശാലയും സി.എം.എസ് കോളേജും സംയുക്തമായിട്ടാണ് ചെയറിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അച്ചടിയുടെ പിതാവായ ബഞ്ചമിൻ ബയ്‌ലിയുടെ പേരിലുള്ള ചെയർ ആഗസ്റ്റിൽ പ്രവർത്തനം ആരംഭിക്കുമെന്ന് വൈസ് ചാൻസലർ ഡോ. സാബു തോമസ് അറിയിച്ചു. അച്ചടി, പത്രപ്രവർത്തനം എന്നിവ മലയാളഭാഷയ്ക്കും സാഹിത്യത്തിനും സംസ്‌കാരത്തിനും ഉണ്ടാക്കിയ ഈടുവയ്പുകളെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ, സിമ്പോസിയങ്ങൾ എന്നിവ ചെയറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും.

ദ ഹിന്ദു പത്രത്തിൽ എഡിറ്റർ ഇൻ ചീഫ്, ചെയർമാൻ, ഡയറക്ടർ തുടങ്ങി വിവിധ പദവികൾ അലങ്കരിച്ച എൻ. റാമിനെ 1990ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. ബി.ഡി. ഹോയങ്ക അവാർഡ്, നാഷണൽ സിറ്റിസൺസ് അവാർഡ്, ജെ.ആർ.ഡി ടാറ്റാ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി സർവകലാശാല റാമിന് ഡി.ലിറ്റ് നൽകിയിട്ടുണ്ട്.