ഇന്ന് ദേശീയ മാമ്പഴ ദിനം, കല്യാണപെണ്ണിനൊപ്പം കുറ്റ്യാട്ടൂർ മാവ്,​ നിറയെ ഫലം,​ കൊതിയൂറും രുചി

Thursday 22 July 2021 12:00 AM IST

മയ്യിൽ: ഒരു മാവിൽ നിന്ന് രുചിയേറിയ ഒരു ക്വിന്റൽ മാങ്ങ. നമ്പ്യാർ മാങ്ങയെന്ന വട്ടപ്പേരുള്ള കുറ്റ്യാട്ടൂർ മാവിന്റെ ഒരു തൈ വാങ്ങി വച്ചുപിടിപ്പിച്ചാൽ അറിയാം അതിന്റെ മഹിമ. നിറം,​ മണം,​ ഔഷധഗുണം എല്ലാം പരിഗണിച്ചാൽ ഇന്ത്യൻ മാമ്പഴവിപണിയിൽ മുൻനിരയിലാണ് കുറ്റ്യാട്ടൂർ മാങ്ങ.

400 വർഷങ്ങൾക്കു മുൻപ് കുറ്റ്യാട്ടൂരിലെ ചത്തോത്ത് തറവാട്ടിലും വേശാല കവില്ലത്തുമാണ് ഈ മാവുകൾ ആദ്യം കണ്ടിരുന്നത്. അക്കാലത്ത് കല്യാണപെണ്ണിനെ ഭർതൃവീട്ടിലേക്ക് അയയ്ക്കുമ്പോൾ കൂടെ ഏതെങ്കിലും ഫലവൃക്ഷത്തൈകൾ കൂടി കൊടുക്കുന്ന രീതി ഉണ്ടായിരുന്നത്രെ. നീലേശ്വരം കൊട്ടാരത്തിൽ നിന്നു സ്ത്രീധനമായാണ് ഈ മാവ് കണ്ണൂരിലെ കുറ്റ്യാട്ടൂരിൽ എത്തിയതെന്നാണ് കേൾവി.

അക്കാലത്ത് നമ്പ്യാർ സമുദായത്തിൽപ്പെട്ട ചത്തോത്ത് തറവാട്ടിലെ ഒരംഗ ആഴ്ചതോറും മാങ്ങ ഇരിക്കൂർ ടൗണിൽ കൊണ്ടുവന്ന് വില്പന നടത്തിയതോടെ ഈ മാമ്പഴത്തിന് നമ്പ്യാർ മാങ്ങയെന്ന ജാതിപ്പേരും വീണു. ഭൂപരിഷ്കരണം വന്നതോടെ ചെങ്കല്ല് നിറഞ്ഞ കുറ്റ്യാട്ടൂരിന്റെ മണ്ണിൽ ഈ മാവുകൾ വ്യാപകമായി.

കുറ്റ്യാട്ടൂർ മാവിന്റെ പ്രത്യേകത തിരിച്ചറിഞ്ഞ് 2009ൽ മാവ് കർഷക സമിതി രൂപീകരിച്ചു. കർഷക സമിതിയുടെ ഫാക്ടറിയും കൃഷിഭവന്റെ നേതൃത്വത്തിൽ കോമക്കരിയിലെ ജൈവരീതിയിലുള്ള പഴുപ്പിക്കൽ യൂണിറ്റും കുറ്റ്യാട്ടൂർ പഞ്ചായത്ത് കുറുവോട്ട് മാമ്പഴ സംസ്കരണ യൂണിറ്റുമെല്ലാം പേരെടുത്തുകഴിഞ്ഞു. 2016ൽ ആരംഭിച്ച കുറ്റ്യാട്ടൂർ മാംഗോ പ്രൊഡ്യൂസർ കമ്പനിയുടെ സംസ്കരണ ശാലയിൽ ജാം, അച്ചാർ, സ്ക്വാഷ്, മാംഗോ പൾപ്പ് തുടങ്ങിയവ വിപണനം നടത്തുന്നുണ്ട്. കുറ്റ്യാട്ടൂർ മാമ്പഴവും മൂല്യവർദ്ധിത ഉത്പന്നങ്ങളും വിപണിയിൽ വ്യാപകമാക്കുകയെന്ന ലക്ഷ്യത്തോടെ കുറ്റ്യാട്ടൂർ കൃഷിഭവൻ 160 കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ച് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

ഭൗമസൂചിക പട്ടികയിലും

ആന്ധ്രാപ്രദേശിൽ നടത്തിയ ഗവേഷണത്തിലാണ് കുറ്റ്യാട്ടൂർ മാങ്ങയുടെ കൂടുതൽ ഗുണഫലങ്ങൾ പുറംലോകം അറിഞ്ഞത്. കൂടുതൽ നാരുകൾ ഉണ്ടെന്നും രുചിയിൽ ഏറെ മുന്നിലാണെന്നുമായിരുന്നു കണ്ടെത്തൽ. ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന സിവിൽ സൊസൈറ്റി എന്ന ഇംഗ്ലീഷ് മാസികയിൽ ശ്രദ്ധേയ പരാമർശമുണ്ടായതിനു പിന്നാലെ ഭൗമസൂചികപദവി ലഭിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

കേരളത്തിന് സ്വന്തമെന്ന് അവകാശപ്പെടാൻ കഴിയുന്ന മാമ്പഴമാണിത്. കുറ്റ്യാട്ടൂർ മാങ്കോ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ ദേശ സൂചികാ പദവിക്ക് വേണ്ടിയുള്ള എല്ലാ നടപടികളും പൂർത്തീകരിച്ചിട്ടുണ്ട്.

-വി.ഒ.പ്രഭാകരൻ,​ചെയർമാൻ,​കുറ്റ്യാട്ടൂർ മാങ്കോ പ്രൊഡ്യൂസർ കമ്പനി

-കുറ്റ്യാട്ടൂർ മാവ്-

ശരാശരി 15 മീറ്രർ ഉയരത്തിൽ പന്തലിച്ചുവളരും. തുറസായ ലാട്രൈറ്റ് മണ്ണിൽ അഞ്ചു കൊല്ലം കൊണ്ട് കായ്ക്കും. കുലകുലയായാണ് കായ്ക്കുന്നത്. മാങ്ങയ്ക്ക് 250 മുതൽ 450 ഗ്രാം വരെ തൂക്കം. സാധാരണ മാർക്കറ്റിൽ കിലോയ്ക്ക് 80 മുതൽ 120 രൂപ വരെ വില. നേരിട്ട് വാങ്ങുമ്പോൾ 40 മുതൽ 60 വരെ. ഇലയില്ലാത്തെ കൊമ്പിൽ വരെ മാങ്ങ കായ്ക്കും. ജനുവരി മാസത്തോടെ കായ്ച്ച് മാർച്ച് ഏപ്രിലിൽ പഴുക്കുന്നതാണ് പതിവ്.